ന്യൂഡൽഹി: ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖ കടന്നെത്തിയ പാക് വിമാനങ്ങൾ ഉദ്ദംപുരിലെ സൈനിക ആസ്ഥാനത്തിന് അടുത്തുവരെ എത്തിയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 27-ന് നിയന്ത്രണരേഖ മറികടന്നെത്തിയ പാക് വിമാനങ്ങളാണ് സൈനിക ആസ്ഥാനം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാൽ ഇന്ത്യൻ വ്യോമസേന ശക്തമായി തിരിച്ചടിച്ചതോടെ പാക് വിമാനങ്ങൾ പിൻവാങ്ങുകയായിരുന്നുവെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. ബാലകോട്ടിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെയാണ് പാക് വിമാനങ്ങൾ നൗഷേരയിൽ ഇന്ത്യൻ വ്യോമാതിർത്തി മറികടന്നെത്തിയത്. ബുധനാഴ്ച രാവിലെ മുതൽ പാക് വിമാനങ്ങൾ നിയന്ത്രണരേഖ മറികടക്കുകയും ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തെങ്കിലും വ്യോമസേന ശക്തമായി തിരിച്ചടിച്ച് പാക്ക് നീക്കത്തെ ചെറുക്കുകയായിരുന്നു. ബുധനാഴ്ച പാകിസ്താന്റെ 24 ജെറ്റ് വിമാനങ്ങൾ അതിർത്തി കടന്ന് ജമ്മുകശ്മീരിലെ സൈനികകേന്ദ്രങ്ങളിൽ ലേസർ ബോംബുകൾ വർഷിക്കാൻ ശ്രമം നടത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക് വിമാനങ്ങളെ വിരട്ടിയോടിച്ചു. ഉദ്ദംപുരിലെ സൈനിക ആസ്ഥാനവും പ്രസിദ്ധമായ വൈഷ്ണവദേവി ക്ഷേത്രവും സ്ഥിതിചെയ്യുന്ന റെസായി ജില്ല ലക്ഷ്യമാക്കിയായിരുന്നു പാക്ക് വിമാനങ്ങളുടെ നീക്കം. ഇന്ത്യൻ വ്യോമസേന ഈ നീക്കത്തെ ചെറുത്തുതോല്പ്പിക്കുകയും പാക്ക് വിമാനങ്ങളെ അതിർത്തിയിൽനിന്ന് തുരുത്തുകയുമായിരുന്നു. ഇതിനിടെ നിയന്ത്രണരേഖയോട് ചേർന്ന ചില മേഖലകളിൽ പാക് വിമാനങ്ങൾ ബോംബ് വർഷിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്നും ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. 1971-നുശേഷം ആദ്യമായാണ് ഇത്തരമൊരു വ്യോമാക്രമണ ശ്രമമുണ്ടാകുന്നത്. നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന പാക് അവകാശവാദം തള്ളുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. അതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ പിന്തുടർന്ന് തുരത്താനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർത്തമൻ വിമാനം തകർന്ന് പാക് സൈന്യത്തിന്റെ പിടിയിലായത്. അഭിനന്ദൻ നിയന്ത്രിച്ചിരുന്ന മിഗ് 21 വിമാനം പാക് അധീന കാശ്മീരിൽ തകർന്നുവീഴുകയും അപകടത്തിൽ രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടുയുമായിരുന്നു. Content Highlights:national media reports pak fighter jets were came close to army headquarters
from mathrubhumi.latestnews.rssfeed https://ift.tt/2EEqEtL
via
IFTTT