Breaking

Monday, November 22, 2021

നമ്പർ മാറ്റം പൂർത്തിയാക്കി: തീവണ്ടികൾ ഇനി പഴയ നമ്പറുകളിൽ ഓടും

ചെന്നൈ: ദക്ഷിണ റെയിൽവേ, ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിലുള്ള തീവണ്ടികളുടെ പഴയ നമ്പറുകൾ പുനഃസ്ഥാപിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞവർഷം മാർച്ചിൽ നിർത്തിവെച്ച തീവണ്ടി സർവീസുകൾ ജൂണിൽ പുനരാരംഭിച്ചത് നമ്പറുകൾ മാറ്റി സ്പെഷ്യൽ സർവീസുകളായിട്ടായിരുന്നു. ഇപ്പോൾ പതിവ് സർവീസുകൾ പുനരാരംഭിച്ചപ്പോൾ എല്ലാ തീവണ്ടികളിലും പഴയ നമ്പർ പുനഃസ്ഥാപിക്കുകയായിരുന്നു. ഈടാക്കി വന്ന അധികനിരക്ക് നവംബർ 13 മുതൽ നിർത്തലാക്കിയിരുന്നു. സ്പെഷ്യൽ സർവീസുകൾ നിർത്തലാക്കി സാധാരണ സർവീസുകൾ നടത്താനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനപ്രകാരമാണിത്. ഒരുദിവസം 500 സർവീസുകളുടെ നമ്പർ എന്ന നിലയിലാണ് മാറ്റിയത്. 3000-ൽപ്പരം സർവീസുകളുടെ നമ്പറുകളാണ് ആറുദിവസത്തിൽ മാറ്റിയത്. നമ്പറും നിരക്കും പഴയനിലയിലാക്കിയെങ്കിലും മെയിൽ/എക്സ്പ്രസ് സർവീസുകളിലെ ജനറൽ കമ്പാർട്ട്‌മെന്റുകളിലെ റിസർവേഷൻ തുടരും. ഘട്ടംഘട്ടമായി ഇതും അവസാനിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇളവ് വരുത്തിയിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ വ്യക്തമാക്കി. എ.സി. കോച്ചിൽ കിടക്കവിരിയും തലയണയും നൽകുന്നത് പുനഃസ്ഥാപിച്ചിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3cBGgi0
via IFTTT