Breaking

Saturday, November 27, 2021

ദേശീയ കുടുംബാരോഗ്യസർവേ: കേരളത്തിൽ വിളർച്ച കൂടുന്നു, കുട്ടികളിൽ വളർച്ചാമുരടിപ്പും

തിരുവനന്തപുരം : ദേശീയ കുടുംബാരോഗ്യസർവേയുടെ കണ്ടെത്തലിൽ കേരളത്തിന് ആശ്വാസത്തിനൊപ്പം ആശങ്കയും. ശൈശവ മരണനിരക്ക് കുറഞ്ഞെങ്കിലും കുഞ്ഞുങ്ങളിൽ ഉൾപ്പെടെ വിളർച്ചയും പോഷകാഹാരം കുറയുന്നതിനാലുള്ള വളർച്ചാമുരടിപ്പും കൂടുന്നുവെന്നാണ് കണ്ടെത്തൽ. 15-19 പ്രായത്തിലുള്ള പെൺകുട്ടികളിലൊഴികെ മറ്റെല്ലാ വിഭാഗത്തിലും 2015-'16-ലെ സർവേയിൽ കണ്ടെത്തിയതിനെക്കാൾ കൂടുതൽപേർക്ക് വിളർച്ചയുണ്ട്. ആറുമാസംമുതൽ 59 മാസംവരെ പ്രായമുള്ള കുട്ടികളിൽ വിളർച്ചയുള്ളവർ 35.7 ശതമാനത്തിൽനിന്ന് 39.4 ശതമാനമായി കൂടി. 15-49 പ്രായമുള്ള ഗർഭിണികളല്ലാത്തവരിൽ 34.7-ൽനിന്ന് 36.5 ശതമാനമായും ഇതേ പ്രായത്തിലെ ഗർഭിണികളിൽ 22.6-ൽനിന്ന് 31.4 ശതമാനത്തിലേക്കും വിളർച്ചയുള്ളവരുടെ എണ്ണംകൂടി. 15-49 പ്രായമുള്ള സ്ത്രീകളിൽ ഇത് 34.3-ൽനിന്ന് 36.3 ശതമാനമായി. പുരുഷൻമാരിൽ 11.8-ൽനിന്ന് 17.8 ശതമാനവും. 15-19 പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളിൽ മാത്രമാണ് വിളർച്ചയുള്ളവരുടെ എണ്ണം 37.8-ൽ നിന്ന് 32.5-ലേക്ക് കുറഞ്ഞത്. എന്നാൽ, ഈ വിഭാഗത്തിലെ ആൺകുട്ടികളിൽ വിളർച്ചയുള്ളവരുടെ എണ്ണം ഗണ്യമായി ഉയർന്നു -14.3-ൽനിന്ന് 27.4 ആയി. പോഷകാഹാരക്കുറവ് കുട്ടികളുടെ ശാരീരികവളർച്ചയെ ബാധിക്കുന്നതിന്റെ സൂചകങ്ങളും ഗൗരവകരമാണ്. അഞ്ചുവയസ്സിനുതാഴെയുള്ള പ്രായത്തിനൊത്ത് ഉയരമില്ലാത്ത കുട്ടികളുടെ എണ്ണം 19.7-ൽ നിന്ന് 23.4 ശതമാനമായി. ഉയരത്തിനൊത്ത് ഭാരമില്ലാത്ത കുട്ടികൾ 15.7-ൽനിന്ന് 15.8 ആയി. പ്രായത്തിനൊത്ത് ഭാരമില്ലാത്ത കുട്ടികൾ 16.1-ൽനിന്ന് 19.7 ആയി. അമിതഭാരമുള്ള കുട്ടികൾ 3.4-ൽനിന്ന് നാലുശതമാനവുമായി. കേരളംപോലൊരു സംസ്ഥാനത്ത് പോഷകാഹാരക്കുറവുണ്ടാകുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് പൊതുജനാരോഗ്യവിദഗ്ധനും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമിരറ്റസ് പ്രൊഫസറുമായ ഡോ. വി. രാമൻകുട്ടി പറഞ്ഞു. ദേശീയ കുടുംബാരോഗ്യസർവേയുടെ ആദ്യഘട്ടമായി 2019 ജൂലായ് 20മുതൽ ഡിസംബർ രണ്ടുവരെയാണ് കേരളത്തിൽ സർവേ നടന്നത്. മുതിർന്നവരിൽ പൊണ്ണത്തടിയും കൂടി 15-49 വിഭാഗത്തിൽ പൊണ്ണത്തടിയുള്ള ആണുങ്ങൾ 28.5-ൽനിന്ന് 36.4 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. പെണ്ണുങ്ങൾ 32.4-ൽനിന്ന് 38.1 ശതമാനമായി. മദ്യപിക്കുന്ന ആണുങ്ങൾ 19.9 ശതമാനം, പെണ്ണുങ്ങൾ 0.2 ശതമാനം കേരളത്തിൽ 15 വയസ്സിനുമുകളിലുള്ള ആണുങ്ങളിൽ 19.9 ശതമാനം പേർ മദ്യപിക്കുന്നവരാണെന്ന് സർവേ. മദ്യപിക്കുന്ന പെണ്ണുങ്ങൾ വെറും 0.2 ശതമാനമേയുള്ളൂ. രാജ്യമാകെയെടുത്താൽ മദ്യപിക്കുന്ന ആണുങ്ങൾ 18.8-ഉം പെണ്ണുങ്ങൾ 1.3 ശതമാനവുമാണ്. 16.9 ശതമാനം ആണുങ്ങൾ പുകവലിക്കുകയോ പുകയിലെ ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ഈ വിഭാഗത്തിൽ സ്ത്രീകൾ 2.2 ശതമാനം മാത്രം. ശിശുമരണനിരക്ക് കുറഞ്ഞത് ഇങ്ങനെ (2019-'20, 2015-'16 താരതമ്യം) നവജാത ശിശുമരണനിരക്ക് -3.4 (4.4) ഒരുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് -4.4(5.6) അഞ്ചുവയസ്സിൽതാഴെയുള്ള കുട്ടികളുടെ മരണനിരക്ക് -5.2(7.1) (ആയിരം കുട്ടികളിൽ എത്രപേർ മരിക്കുന്നുവെന്നതാണ് ശിശുമരണനിരക്ക്) Content Highlights:National family health survey anemia children


from mathrubhumi.latestnews.rssfeed https://ift.tt/3rf8acg
via IFTTT