Breaking

Tuesday, November 30, 2021

ഒമിക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ല; അതിജാഗ്രത വേണം -പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ ഇതുവരെ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. യാത്രാനിയന്ത്രണവും കർക്കശപരിശോധനകളുമുൾപ്പെടെയുള്ള ജാഗ്രതാനടപടികൾ തുടരുകയാണെന്നും അറിയിച്ചു അതിജാഗ്രത വേണം -പ്രധാനമന്ത്രി ഒമിക്രോണിനെതിരേ എല്ലാവരും അതിജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തിൽ എല്ലാവരുടെയും ആരോഗ്യമാണ് മുൻഗണന. രാജ്യം 100 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകി. ഇപ്പോൾ 150 കോടി വാക്സിൻ എന്ന കണക്കിലേക്ക് അതിവേഗം നീങ്ങുകയാണ് -മോദി പറഞ്ഞു. അത്യപകടകാരിയായേക്കാം -ഡബ്ല്യു.എച്ച്.ഒ. ഒമിക്രോണിൻറെ ഭീകരതയെയും പകർച്ചവേഗത്തെയും കുറിച്ച് കാര്യമായ ധാരണയില്ലെങ്കിലും അത് ആഗോളതലത്തിൽ വലിയ അപകടമുയർത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ഒമിക്രോൺ ബാധിച്ച് ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ടില്ല. ഈ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് അനീതിയാണെന്ന് സംഘടനയുടെ മേഖലാ ഡയറക്ടർ മത്ഷിഡിസോ മൊയെറ്റി പറഞ്ഞു. ആശങ്ക എത്രത്തോളം? * ഒരിക്കൽ കോവിഡ് വന്നുപോയവരെ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പ്രാഥമിക നിഗമനം * മറ്റു വകഭേദങ്ങളെക്കാൾ കൂടുതൽ വേഗം പകരുമോ എന്ന് വ്യക്തമല്ല * ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെ കണ്ടെത്താം * ഈ വകഭേദം കൂടുതൽ ഗുരുതര ശാരീരികാവശതകൾ ഉണ്ടാക്കുമോ എന്ന് വ്യക്തമല്ല * കൊറോണ വൈറസ് വകഭേദങ്ങളിൽനിന്നു വ്യത്യസ്തമായ എന്തെങ്കിലും ലക്ഷണങ്ങൾ ഒമിക്രോണിനുണ്ടോയെന്ന് അറിവായിട്ടില്ല * ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ ബാധ ആദ്യം റിപ്പോർട്ടുചെയ്തത് ചെറുപ്പക്കാരിൽ. നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. * നിലവിലെ വാക്സിനുകൾ ഈ വകഭേദത്തിനെതിരേ ഫലപ്രദമാകുമോയെന്ന് സംശയമുണ്ടെന്ന് ഔഷധനിർമാണ കമ്പനിയായ മൊഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ പോൾ ബർട്ടൺ. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ്, ഡെൻമാർക്ക്, ബെൽജിയം, ഇസ്രയേൽ, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ഹോങ് കോങ്, ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ * പോർച്ചുഗലിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 13 ഫുട്ബോൾ കളിക്കാർക്ക് രോഗം സ്ഥിരീകരിച്ചു * കാനഡയിലെ ഒണ്ടേറിയോയിൽ നൈജീരിയയിൽ നിന്നെത്തിയ രണ്ടുപേർക്ക് * അഞ്ചുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഓസ്ട്രേലിയ അതിർത്തി തുറക്കുന്നത് നീട്ടി * സ്കോട്ട്ലൻഡിൽ ആറുപേർക്ക് സ്ഥിരീകരിച്ചു * ഫ്രാൻസിൽ എട്ടുപേർക്ക് ഒമിക്രോൺ എന്നു സംശയം * വിദേശികൾക്ക് ജപ്പാൻ യാത്രാവിലക്കേർപ്പെടുത്തി


from mathrubhumi.latestnews.rssfeed https://ift.tt/3xP8FLr
via IFTTT