Breaking

Friday, November 26, 2021

കേന്ദ്രം മുട്ടുമടക്കിയ കർഷകപ്രക്ഷോഭത്തിന് ഇന്ന് ഒരുവർഷം

ന്യൂഡൽഹി: വിവാദ കാർഷികനിയമങ്ങൾക്കെതിരേ രാജ്യതലസ്ഥാനാതിർത്തികൾ സ്തംഭിപ്പിച്ച ഐതിഹാസിക കർഷകപ്രക്ഷോഭത്തിന് വെള്ളിയാഴ്ച ഒരുവർഷം തികയും. നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ സമരവാർഷികം ആഘോഷമാക്കാൻ ആയിരക്കണക്കിനു കർഷകർ ഡൽഹി അതിർത്തികളിലെത്തി. രാജ്യമെമ്പാടും റാലികളും പ്രകടനങ്ങളും അരങ്ങേറുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഡൽഹി അതിർത്തികളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ വാർഷികപരിപാടികൾ നടക്കും. മറ്റു സംസ്ഥാനങ്ങളിൽ യൂണിയന്റെ നേതൃത്വത്തിൽ പ്രധാന ദേശീയപാതകൾ ഉപരോധിക്കും. തമിഴ്നാട്, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച പ്രതിഷേധങ്ങളും സംഘടിപ്പിക്കും. റായ്പുരിലും റാഞ്ചിയിലും ട്രാക്ടർ റാലികളുണ്ടാവും. കൊൽക്കത്തയിൽ റാലി നടക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു. കാർഷികനിയമങ്ങൾ പാർലമെന്റിൽ റദ്ദാക്കിയ ശേഷവും വിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പും ലഭിച്ചെങ്കിലേ അതിർത്തികളിൽനിന്നു മടങ്ങിപ്പോവൂവെന്നാണ് കിസാൻ മോർച്ചയുടെ പ്രഖ്യാപനം. 2020 ജൂൺ അഞ്ചിന് കാർഷിക ഓർഡിനൻസുകൾ കേന്ദ്രം വിജ്ഞാപനം ചെയ്തതിനെ ത്തുടർന്നാണ് കർഷകപ്രക്ഷോഭത്തിന്റെ തുടക്കം. ജൂൺ ആറിന് കിസാൻസഭ ഓർഡിനൻസ് കോപ്പികൾ കത്തിച്ച് പ്രതിഷേധിച്ചു. ഓഗസ്ത് ഒമ്പതിന് 250 കർഷകസംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി ജയിൽ നിറയ്ക്കൽ പ്രക്ഷോഭവും സംഘടിപ്പിച്ചു. പഞ്ചാബിൽ ഭാരതീയ കിസാൻ യൂണിയൻ (ഏകതാ-ഉഗ്രഹാൻ) ഉൾപ്പെടെയുള്ള കർഷകസംഘടനകളും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. സെപ്റ്റംബറിൽ ബില്ലുകൾ പാർലമെന്റ് പാസാക്കി കാർഷികനിയമങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ കർഷകരോഷം തിളച്ചുമറിഞ്ഞു. കർഷകസംഘടനകൾ പരസ്പരഭിന്നത മറന്ന് ഒക്ടോബർ 27-ന് ഡൽഹിയിലെ റക്കബ്ഗഞ്ജ് ഗുരുദ്വാരയിൽ കർഷകസമ്മേളനം വിളിച്ചുചേർത്തു. ഈ യോഗത്തിൽ അഞ്ഞൂറ് കർഷകസംഘടനകളുമായി സംയുക്ത കിസാൻ മോർച്ച എന്ന സമരമുന്നണി പിറവിയെടുത്തു. ഈ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വർഷം നവംബർ 26-ന് ഡൽഹി ചലോ മാർച്ചും തുടർന്ന് ഇപ്പോഴും തുടരുന്ന ഉപരോധവും.


from mathrubhumi.latestnews.rssfeed https://ift.tt/3l5cgj6
via IFTTT