Breaking

Monday, November 29, 2021

തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ

തൃശ്ശൂർ: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേർക്ക് നോറോ വൈറസ് ബാധ. 54 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. കഴിഞ്ഞ 24-ന് എട്ട് വിദ്യാർഥിനികൾ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും അയച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. കുടിവെള്ളത്തിൽനിന്നാണ് രോഗബാധയുണ്ടായതെന്ന് ഡി.എം.ഒ. ഡോ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു. സാധാരണ കണ്ടുവരുന്ന രോഗമാണിതെന്നും നിർജലീകരണം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലാണ് വേണ്ടതെന്നും ഡി.എം.ഒ. പറഞ്ഞു. രോഗബാധ പൂർണമായും നിയന്ത്രണത്തിലാവുന്നതുവരെ ഹോസ്റ്റലിൽനിന്ന് ആരെയും വീടുകളിലേക്ക് വിടരുതെന്ന് നിർദേശിച്ചു. മറ്റു ജില്ലകളിലുള്ള കുട്ടികൾ വീടുകളിലേക്ക് പോയിട്ടുണ്ടെങ്കിൽ ആ വിവരം ജില്ലാ മെഡിക്കൽ ഓഫീസുകളിൽ അറിയിക്കണം. പരിശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ, ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ബി. പ്രദീഷ്, വർഗീസ്, മുഹമ്മദ് സാലി എന്നിവർ നേതൃത്വം നൽകി. Content Highlights:Norovirus


from mathrubhumi.latestnews.rssfeed https://ift.tt/3I1U03T
via IFTTT