Breaking

Tuesday, November 30, 2021

കോവിഡ് വാക്സിനെടുക്കൽ നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വാക്സിനെടുക്കണമെന്നത് ഇതുവരെ നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കോവിഡ് വാക്സിൻ പ്രവർത്തന മാർഗരേഖപ്രകാരം വാക്സിനേഷൻ സ്വമേധയാ ആണെന്നും വ്യക്തമാക്കി.അവശ്യസേവനങ്ങൾ ലഭിക്കാൻ വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധനയ്ക്കെതിരേ ദേശീയ രോഗപ്രതിരോധ സാങ്കേതിക ഉപദേശക സംഘത്തിലെ മുൻ അംഗം ഡോ. ജേക്കബ് പുളിയേൽ നൽകിയ ഹർജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതെല്ലാം ഇപ്പോൾത്തന്നെ പൊതുസമക്ഷത്തിലുണ്ടെന്ന് സർക്കാർ പറഞ്ഞു. മരുന്നുനിർമാതാക്കൾ നൽകിയ വിവരങ്ങൾ വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് വാക്സിനുകൾക്ക് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച നിയമത്തിലെ നടപടിക്രമങ്ങളെല്ലാം കർശനമായി പാലിച്ചിട്ടുണ്ട്. കോടതിക്ക് തെറ്റായ ചിത്രം നൽകാൻ ശ്രമിക്കുന്ന ഹർജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.ചില സംസ്ഥാനങ്ങളുടെ നിബന്ധനകളെ ഹർജിയിൽ ചോദ്യംചെയ്യുന്നതിനാൽ അവരെക്കൂടി കക്ഷിചേർക്കാൻ സുപ്രീംകോടതി നിർദേശിച്ചു. വാക്‌സിനെടുക്കാത്തവർ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് തമിഴ്‌നാടും മഹാരാഷ്ട്രയും പറയുന്നതെന്ന് ഹർജിക്കാരനുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. വാക്‌സിനെടുക്കാത്ത സർക്കാർ ജീവനക്കാർ ഓഫീസിലേക്കു വരരുതെന്നും അവർക്ക് ആ ദിവസങ്ങളിൽ ശമ്പളമില്ലാത്ത അവധിയായിരിക്കുമെന്നും ഡൽഹി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളെക്കൂടി കക്ഷിചേർക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഡിസംബർ 13-ന് വീണ്ടും പരിഗണിക്കും.ഏതെങ്കിലും സേവനങ്ങൾക്കോ ജോലിക്കോ യാത്രയ്ക്കോ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നത് തടയാനാവില്ലെന്ന് ഈ കേസ് ഓഗസ്റ്റിൽ പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞിരുന്നു. ശാസ്ത്രീയ തീരുമാനങ്ങളിൽ കോടതി ഇടപെടില്ല. വ്യക്തിഗത അവകാശങ്ങൾ (വാക്സിൻ എടുക്കാതിരിക്കാനുള്ള) പൊതുജനാരോഗ്യവുമായി ഒത്തുപോകണമെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3rm1XeA
via IFTTT