Breaking

Saturday, November 27, 2021

രാത്രികാലതീവണ്ടികളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ; റെയിൽവേ തീരുമാനം വൈകുന്നു

ചെന്നൈ: രാത്രികാല ദീർഘദൂര തീവണ്ടികളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിക്കുന്നത് വൈകുന്നു. രാത്രികാലങ്ങളിൽ റിസർവേഷനില്ലാത്ത കോച്ചുകളിൽ തിരക്കുനിയന്ത്രിക്കാൻ കഴിയില്ലെന്നാണ് റെയിൽവേയുടെ വാദം. രാത്രികാല തീവണ്ടികളിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ തിങ്ങി നിറയുമെന്നും ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും റെയിൽവേ ഓപ്പറേഷൻ വിഭാഗം പറയുന്നു. തിരക്കുകുറയ്ക്കാൻ എല്ലാ ദീർഘദൂര തീവണ്ടികളിലും 24 കോച്ചുകൾ ഉൾപ്പെടുത്തുന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ലെന്ന് ദക്ഷിണറെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ദീർഘദൂര പകൽ തീവണ്ടികളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിരുന്നു. കൂടുതൽ തീവണ്ടികൾ ഓടിക്കണമെന്നും തീവണ്ടികളിൽ കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. കൂടുതൽ തീവണ്ടികൾ അനുവദിച്ചാൽ കോവിഡ് മാനദണ്ഡം പാലിച്ച് സർവീസ് നടത്താൻ സാധിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ പകൽ ഓടുന്ന പ്രധാന ദീർഘദൂര തീവണ്ടികളിലാണ് റിസർവേഷനില്ലാത്ത കോച്ചുകളുള്ളത്. രാത്രികാല തീവണ്ടികളിൽ റിസർവേഷൻ ചെയ്തവർക്കേ യാത്രചെയ്യാൻ കഴിയുവെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി മെമു, പാസഞ്ചർ സർവീസുകൾ ഇനിയും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ തീവ്രത നിരീക്ഷിച്ചതിനുശേഷം ഇതിൽ നടപടി സ്വീകരിക്കും. തീരുവനന്തപുരം ഡിവിഷൻ പരിധിയിലുള്ള എം.പി.മാർ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജരെ കണ്ട് യാത്രാപ്രശ്നങ്ങൾ അറിയിക്കാറുണ്ടെന്നും എന്നാൽ, പാലക്കാട് ഡിവിഷൻ പരിധിയിലുള്ള എം.പി.മാർ യാത്രക്കാരുടെ പ്രശ്നങ്ങൾ അറിയിക്കുന്നതിൽ പിറകിലാണെന്നും ദക്ഷിണ റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. Content Highlights:Railway unreserved coaches night


from mathrubhumi.latestnews.rssfeed https://ift.tt/3D1sDDs
via IFTTT