Breaking

Monday, November 29, 2021

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ റോഡിൽ തമ്മിലടിച്ചു

വിളവൂർക്കൽ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ തെരുവിൽ തമ്മിലടിച്ചു. ഇരു വിഭാഗത്തിലുമുള്ളവർക്ക് പരിക്കേറ്റു. വിളവൂർക്കൽ പഞ്ചായത്തിൽ പെരുകാവ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ കോളച്ചിറ, ഈഴക്കോട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ഏറ്റുമുട്ടൽ നടന്നത്. ഇരു ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും അടുത്തടുത്തുള്ളതാണ്. വിളപ്പിൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് ഈഴക്കോട് കവലയിൽ യുവജന സമ്മേളനം നടക്കുന്നതിനു മുൻപാണ് വേദിക്കു മുന്നിൽ റോഡിൽ അടിപിടി നടന്നത്. ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ യുവജനസമ്മേളനം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു. ഈ സമയം കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷിന്റെ നേതൃത്വത്തിൽ ഏതാനുംപേർ ഈഴക്കോടെത്തി ശ്രീകുമാറിനെ റോഡരികിലെ വീടിനു മുന്നിലിട്ട് മർദിക്കുകയായിരുന്നു. മുഖത്തു പരിക്കേറ്റ അനീഷ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സി.പി.എം. സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനോടൊപ്പം നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ വിളപ്പിൽ ഏരിയാ കമ്മിറ്റിയിലുണ്ട്. മുൻ ഏരിയാ സെക്രട്ടറിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് രണ്ടു പക്ഷത്തായി പാർട്ടി പിടിക്കാൻ മത്സരിക്കുന്നത്. ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കാൻ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല. ഇതു മറുവിഭാഗത്തിന് അലോസരമുണ്ടാക്കിയിരുന്നു. അരമണിക്കൂറോളം റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. കുലംകുത്തികളുണ്ട് -പത്തനംതിട്ട ജില്ലാ സെക്രട്ടറി പത്തനംതിട്ട: പത്തനംതിട്ടയിലെ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു. അവർ അടുത്ത സമ്മേളനം കാണില്ല. പത്തനംതിട്ട ഏരിയാ സമ്മേളത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വിമർശനം. മന്ത്രി വീണാ ജോർജിനെതിരേ പാർട്ടിക്കുള്ളിൽ ഉയർന്ന വിമർശനങ്ങളെ ജില്ലാ സെക്രട്ടറി പ്രതിരോധിച്ചു. വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016-ൽ തുടങ്ങിയതാണ്. 2016-ലും 2021-ലും അവരെ തോൽപ്പിക്കാൻ ചിലർ ശ്രമിച്ചു. വിശ്വാസികൾക്ക് പാർട്ടി എതിരല്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞചെയ്തതിനെ സമ്മേളനപ്രതിനിധികളിൽ ചിലർ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഏരിയാ കമ്മിറ്റിയിൽനിന്ന് എം.എൽ.എ. പുറത്ത് പാലക്കാട്: കുഴൽമന്ദം ഏരിയാസമ്മേളനത്തിൽ നിലവിൽ ഏരിയാ കമ്മിറ്റി അംഗമായിരുന്ന കോങ്ങാട് എം.എൽ.എ. കെ. ശാന്തകുമാരി പുറത്ത്. ഔദ്യോഗിക പാനലിൽ മത്സരിച്ച ശാന്തകുമാരിയും ദീർഘകാലം ഏരിയാ കമ്മിറ്റിയംഗമായിരുന്ന കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസും കുഴൽമന്ദം ലോക്കൽ സെക്രട്ടറി പൊൻമലയും പരാജയപ്പെട്ടു. ഔദ്യോഗിക പാനലിലെ 13 പേർ തോറ്റു പാലക്കാട് ചെർപ്പുളശ്ശേരിയിലെ ഔദ്യോഗിക പാനലിലുണ്ടായിരുന്ന 13 പേരും തോറ്റു. നിലവിലെ ഏരിയാ സെക്രട്ടറി കെ.ബി. സുഭാഷും ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ഇ. ചന്ദ്രബാബുവും തോറ്റവരിൽപ്പെടും. കെ. നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി.


from mathrubhumi.latestnews.rssfeed https://ift.tt/3cZRo8G
via IFTTT