Breaking

Friday, November 26, 2021

ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തുവെയ്ക്കുന്നതിലല്ല കാര്യം; ഒരിക്കല്‍ ബിച്ചു പറഞ്ഞു

സിനിമകൾക്ക് വേണ്ടി പാട്ടെഴുതുമെന്നോ ജീവിതത്തിന്റെ മുക്കാൽ പങ്കും പാട്ടെഴുത്തിനായ ചെലവഴിക്കുമെന്നോ വിചാരിച്ചതല്ലെന്നും എല്ലാം സംഭവിച്ചുപോയതാണെന്നും ബിച്ചു തിരുമല ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സഹസംവിധായകനാകാൻ ആഗ്രഹിച്ച ബിച്ചുതിരുമല യാദൃച്ഛികമായാണ് സിനിമയിലേക്കെത്തുന്നത്. പക്ഷേ ആദ്യമെഴുതിയ പാട്ട് ഹിറ്റായെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.. പക്ഷേ പിന്നീടെഴുതിയ പാട്ടുകളും ശ്രദ്ധേയമായതോടെ പാട്ടെഴുത്തിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. പാട്ടെഴുത്തിൽ മാന്ത്രികതകളില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ബിച്ചു തിരുമല. പരന്ന വായനയും എല്ലാ കാര്യങ്ങളെപ്പറ്റിയുളള സാമാന്യധാരണയും ഒരു പാട്ടെഴുത്തുകാരനുണ്ടായിരിക്കണമെന്നും ബിച്ചു പറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ സിനിമയിൽ കഥ പോലെ പ്രധാനമായിരുന്നു പാട്ടുകളും. എല്ലാ സിനിമയിലും എട്ടും പത്തും പാട്ടുകൾ.പാട്ട് കാണാൻ വേണ്ടി മാത്രം ആളുകൾ സിനിമയ്ക്ക് കയറിയിരുന്നു. അങ്ങനെ പാട്ടിന്റെ ഗുണംകൊണ്ട് മാത്രം വിജയിച്ചപടങ്ങളുണ്ടായിരുന്നു.എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് കിട്ടിയ തേനും വയമ്പും എന്ന സിനിമയൊന്നും വലിയ വിജയമായിരുന്നില്ല. പക്ഷേ, ആ സിനിമയിലെ ഒറ്റക്കമ്പിനാദം,തേനും വയമ്പും പോലുള്ള പാട്ടുകൾ ഇപ്പോഴും ആൾക്കാർ ആവർത്തിച്ചുകേൾക്കുന്ന പാട്ടുകളാണ്. പണ്ടത്തേതുപോലെ ഇപ്പോഴത്തെ സിനിമകളിൽ പാട്ടിന് പ്രാധാന്യമില്ലല്ലോ. നല്ലപാട്ടുകളും ഉണ്ടാകുന്നില്ല. കേരളീയത നിറഞ്ഞുനിൽക്കുന്ന തായിരുന്നു പണ്ടത്തെ പാട്ടുകൾ. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിലൊക്കെയാണ് കേരളീയത ഒടുവിലായി കാണാൻ കഴിയുന്നത്. വയലാറൊക്കെ എഴുതിയിരുന്നപ്പോഴായിരുന്നു മലയാളിയെയും കേരളീയതയെയും ഏറ്റവും നന്നായി പാട്ടുകളിൽ ആവിഷ്കരിച്ചിരുന്നത്. മലയാളികളുടെ ജീവിതത്തിൽ വന്ന മാറ്റമായിരിക്കാം പാട്ടുകളിലും സംഭവിച്ചത്.പുതിയ സിനിമാപ്പാട്ടുകളിൽ സംഗീതത്തിനു മാത്രമാണ്പ്രാധാന്യം കൊടുക്കുന്നത്. വരികൾ ആർക്കുവേണമെങ്കിലുംഎഴുതാമെന്നതാണ് സ്ഥിതി. കാവ്യഗുണമൊന്നും ആരും നോക്കുന്നില്ല. ട്യൂണിനൊപ്പിച്ച് വാക്കുകൾ ചേർത്തുവെയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളിൽ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോൾ വാക്കുകളുടെ അർഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദർഭവും അറിഞ്ഞിരിക്കണം. ഒരു പാട്ടെഴുതുമ്പോൾ എന്തിനെപ്പറ്റിയാണ് നമ്മൾ എഴുതുന്നതെന്നതിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം,ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിഞ്ഞിരിക്കണം. അതൊക്കെ മനസ്സിലാക്കി എഴുതുന്ന പാട്ടുകൾ നിലനിൽക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3oYuhRf
via IFTTT