Breaking

Thursday, November 25, 2021

വിവാഹം നിശ്ചയിച്ചതില്‍ പ്രകോപനം;മക്കള്‍ക്കും അമ്മയ്ക്കും അച്ഛന്റെ വെട്ടേറ്റു,പരിക്കോടെ മകളുടെ വിവാഹം

നെയ്യാറ്റിൻകര: തന്റെ ഇഷ്ടപ്രകാരമല്ലാതെ, പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതിൽ പ്രകോപിതനായ ഗൃഹനാഥൻ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്പിച്ചു. തലയ്ക്കേറ്റ പരിക്കുമായി കതിർമണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. ഒളിവിൽപ്പോയ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറാലുംമൂട് പൂജാ നഗർ മണ്ണറത്തല വീട്ടിൽ പ്രദീപ് ചന്ദ്രൻ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഭാര്യ ശ്രീലത(47), മകൾ ലിജ(25), മകൻ ബെൻ(20) എന്നിവർക്കാണ് വെട്ടേറ്റത്. ലിജയുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ബെംഗളൂരുവിലെ സ്വകാര്യ കംപ്യൂട്ടർ കമ്പനിയിലെ ജീവനക്കാരിയാണ് ലിജ. ഒപ്പം ജോലി ചെയ്ത തൃശ്ശൂർ സ്വദേശിയുമായി പ്രണയത്തിലായി. ഇവരുടെ വിവാഹം ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തിൽവെച്ച് നടത്താൻ തീരുമാനിച്ചിരുന്നു. ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു. ഇതിനെ എതിർത്ത് വീട്ടിൽ സംസാരിക്കുന്നതിനിടെയാണ് പ്രകോപിതനായി കത്തിയെടുത്ത് ഇയാൾ ആക്രമണം നടത്തിയത്. കത്തികൊണ്ടുള്ള വെട്ടേറ്റ് ശ്രീലതയുടെ കൈയ്ക്കും മക്കളായ ലിജയുടെയും ബെന്നിന്റെയും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ മൂവരും നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. അക്രമമുണ്ടായെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽതന്നെ ബുധനാഴ്ച രാവിലെ ലിജയും തൃശ്ശൂർ സ്വദേശിയുമായുള്ള വിവാഹം നടന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2ZkGln8
via IFTTT