Breaking

Thursday, November 25, 2021

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും -കെ. റെയിൽ എം.ഡി.

തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും ഇത്. 74 യാത്രാവണ്ടികൾ ഓടുന്ന സിൽവർ ലൈനിൽ വെറും ആറു ചരക്കു വണ്ടികൾ മാത്രമാണ് ഓടിക്കുന്നത്. അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കും. 63,941 കോടിരൂപയിൽ കൂടുതൽ ചെലവ് വരില്ല. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നും കെ-റെയിൽ എം.ഡി. അറിയിച്ചു. കാസർകോടുമുതൽ തിരൂർവരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് സിൽവർ ലൈൻ വരുന്നത്. തിരൂർ മുതൽ തിരുവനന്തപുരംവരെ അനേകം വളവുകളും മറ്റുമുള്ളതിനാൽ സമാന്തരപാത സാധ്യമല്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ പുതിയ പാത ആസൂത്രണംചെയ്തത്.


from mathrubhumi.latestnews.rssfeed https://ift.tt/3l5IQRU
via IFTTT