Breaking

Tuesday, November 30, 2021

മുട്ടത്തോടും മണ്ണുംകൊണ്ടുള്ള ഫിലിം ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ പൊതിയാം

കോട്ടയം : അമേരിക്ക ആസ്ഥാനമായുള്ള പ്രശസ്ത ചോക്ലേറ്റ് കമ്പനിയായ മാർസ് അന്തർദേശീയ തലത്തിൽ സംഘടിപ്പിച്ച 2021-ലെ സസ്റ്റൈനബിലിറ്റി പാക്കത്തണിൽ മലയാളി വിദ്യാർഥിനി ജേതാവ്. കോട്ടയം സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അവസാന വർഷ ബി.ടെക്. ഫുഡ് ടെക്‌നോളജി വിദ്യാർഥിനി ഷെറിൻ ടോമിനാണ് ഈ നേട്ടം. മൂവാറ്റുപുഴ അഴിക്കണ്ണിക്കൽ അഡ്വ. ടോം ജോസിന്റെയും ഡെപ്യൂട്ടി തഹസിൽദാരായ ബീനാ ജോസഫിന്റെയും മകളാണ്.ഭക്ഷ്യോത്‌പന്നങ്ങൾ പൊതിയാൻ പ്ലാസ്റ്റിക്കിന് പകരമായി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കാമെന്ന ആശയം അവതരിപ്പിച്ചതിനാണ്‌ പുരസ്‌കാരം. മുട്ടത്തോടും മണ്ണും ഉപയോഗിച്ചുള്ള പ്രത്യേകതരം ഫിലിമുകൾകൊണ്ട്‌ പൊതിയാമെന്നായിരുന്നു ആശയം. ഇവ മണ്ണിൽ അലിഞ്ഞുചേരുമെന്നതിനാൽ പരിസ്ഥിതിക്ക് ദോഷമുണ്ടാകുകയില്ല. സെപ്‌റ്റംബർ 17-ന്‌ ഓൺലൈനായി നടന്ന മത്സരത്തിലാണ്‌ ആശയം അവതരിപ്പിച്ചത്‌.മിഷിഗൺ, ക്ലെംസൺ, വാഗെനിംഗൻ, ജോർജിയടെക് തുടങ്ങിയ ലോകപ്രശസ്ത സർവകലാശാലകളിലെ വിദ്യാർഥികളെ ഫൈനൽ റൗണ്ടിൽ പിന്തള്ളിയാണ് ഷെറിൻ ടോം ഒന്നാംസ്ഥാനം നേടിയത്. ഏകദേശം 4.5 ലക്ഷം ഇന്ത്യൻ രൂപയാണ് (6000 ഡോളർ) സമ്മാനത്തുക. ഷെറിൻ ടോമിനെ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജ്‌ അധികൃതർ അനുമോദിച്ചു. 115 വർഷത്തെ പാരമ്പര്യമുള്ള മൾട്ടിനാഷണൽ കമ്പനിയാണ് മാർസ്.


from mathrubhumi.latestnews.rssfeed https://ift.tt/3D5OdH3
via IFTTT