Breaking

Saturday, November 27, 2021

65 കിലോ കഞ്ചാവുമായി രണ്ട് ആന്ധ്ര സ്വദേശികള്‍ പിടിയില്‍

തെന്മല: കോട്ടവാസലിൽ 65 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി. ആന്ധ്ര രങ്കറെഡ്ഡിപുരം സ്വദേശികളായ കൊളസാനി ഹരിബാബു(40), ചെമ്പട്ടി ബ്രഹ്മയ്യ(35) എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കോട്ടവാസൽ വനം വകുപ്പ് ചെക്ക്പോസ്റ്റിനു മുന്നിൽ പോലീസ് പരിശോധനയ്ക്കിടെയാണ് ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച കാർ എത്തിയത്. കാറിന്റെ ഡോറുകളുടെ വശങ്ങളിൽ സ്ക്രൂ പിടിപ്പിക്കാത്തത് പരിശോധനയ്ക്കിടെ സംശയമുണ്ടാക്കി. കൂടുതൽ പരിശോധിച്ചപ്പോൾ കാറിന്റെ പിൻഭാഗത്തുനിന്ന് പ്ളാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിൽ സ്ക്രൂ ഡ്രൈവറും ഡോറിൽനിന്ന് അഴിച്ചെടുത്ത സ്ക്രൂവും കിട്ടി. ഇതോടെ സംശയം വർധിച്ചു. പോലീസിന്റെ ചോദ്യങ്ങൾക്ക് കാർ യാത്രികർക്ക് കൃത്യമായ മറുപടിയുമില്ലായിരുന്നു. തുടർന്ന് ഡോർ അഴിച്ചു പരിശോധിക്കുകയായിരുന്നു. ഡോറിന്റെ വശങ്ങളിൽ കവറിൽ പൊതിഞ്ഞനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിൻഭാഗത്ത് സ്റ്റെപ്പിനി ടയറിനിടയിലും ഡിക്കിയിലും ഉൾപ്പെടെ മുപ്പതു പൊതികളാണ് ആകെയുണ്ടായിരുന്നത്. ഒരു പൊതിക്ക് രണ്ടേകാൽ കിലോയോളം തൂക്കമുണ്ട്. ഇവരെ കൂടുതൽ ചോദ്യംചെയ്തുവരികയാണ്. തെലങ്കാന രജിസ്ട്രേഷനുള്ള നമ്പരാണ് വാഹനത്തിൽ പതിപ്പിച്ചിരുന്നതെങ്കിലും വ്യാജമാണെന്നു സൂചനയുണ്ട്. പിടിയിലായ ഒരാളുടെ കൈവെള്ളയിൽ എഴുതിയിരുന്ന വാഹന നമ്പറും സംശയത്തിനിടയാക്കുന്നു. ഇത് കഞ്ചാവ് കൈമാറാനുള്ളവരുടെ വാഹനനമ്പരാണെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ, കൂടുതൽ പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷമാകും ഇക്കാര്യം ഉറപ്പിക്കുക. കൊട്ടാരക്കര എസ്.പി.യുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടവാസലിൽ പഴുതടച്ചുള്ള പരിശോധനയാണ് തെന്മല പോലീസിന്റെ നേതൃത്വത്തിൽ നടത്തിയത്. കഞ്ചാവ് കടത്തുന്നവർ മറ്റു റോഡുകളിലൂടെ പുനലൂരിൽ ഉൾപ്പെടെ എത്താനുള്ള സാധ്യത ഒഴിവാക്കി കേരള-തമിഴ്നാട് അതിർത്തിയായ കോട്ടവാസലിൽ പരിശോധന നടത്തുകയായിരുന്നു. കഴുതുരുട്ടി ഭാഗമെത്തിയാൽ തോട്ടം റോഡുകളിലൂടെ പുനലൂരിലെത്താൻ സാധ്യതയുണ്ടായിരുന്നു. പുനലൂർ ഡിവൈ.എസ്.പി. വിനോദ്, തെന്മല എസ്.ഐ. ഡി.ജെ.ശാലു, ലഹരിവിരുദ്ധ പോലീസ് വിഭാഗം, ഗ്രേഡ് എസ്.ഐ. സജി, സി.പി.ഒ.മാരായ അനൂപ്, അനീഷ്കുമാർ, വിഷ്ണു, സ്റ്റാൻലി, ഷിനോ എന്നിവർ പങ്കെടുത്തു. Content Highlights:Two Andhra natives arrested with 65 kg cannabis


from mathrubhumi.latestnews.rssfeed https://ift.tt/3p2ZDWT
via IFTTT