Breaking

Saturday, November 27, 2021

‘മണ്ണിടിച്ചിൽ ചർച്ച’യ്ക്ക് കൂടി; പഞ്ചായത്ത് അടിച്ചുപിരിഞ്ഞു

പാറശ്ശാല മണ്ണിടിച്ചിലിനെത്തുടർന്ന് ഭീഷണിയിലായ പാറശ്ശാല പഞ്ചായത്ത് ഓഫീസ് മാറ്റിസ്ഥാപിക്കുന്നതു സംബന്ധിച്ച വിഷയം ചർച്ചചെയ്യുന്നതിനായി വിളിച്ചുചേർത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. ഉന്തിലും തള്ളിലും പരിക്കേറ്റ അംഗങ്ങൾ സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ ടെൻഡറുകളുടെ അംഗീകാരവും പഞ്ചായത്ത് ഓഫീസ് മാറുന്നത് സംബന്ധിച്ച വിഷയങ്ങളുമാണ് അജൻഡയായി തീരുമാനിച്ചിരുന്നത്. എന്നാൽ, പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ചയുടനെ സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീകല പഞ്ചായത്തംഗം വിനയനാഥിനോട് അപമര്യാദയായി പെരുമാറിയ സംഭവം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തി. ഭരണപക്ഷം ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറായില്ല. അജൻഡ പ്രകാരമുള്ള വിഷയങ്ങൾ ആദ്യം ചർച്ചചെയ്യാമെന്ന നിലപാടാണ് ഭരണപക്ഷം കൈക്കൊണ്ടത്. ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയും അംഗങ്ങൾ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷത്തിലെ അംഗങ്ങളും രംഗത്തെത്തി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഭരണപക്ഷം പ്രതിപക്ഷാംഗങ്ങളെ ആക്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനുള്ളിൽ പ്രതിഷേധിച്ചു. പ്രതിഷേധം തുടരവേ പഞ്ചായത്ത് ഭരണസമിതിക്ക് അനുകൂലമായി സി.പി.എം. പ്രവർത്തകരും എത്തിയത് ഓഫീസിനുമുന്നിൽ സംഘർഷാവസ്ഥയുണ്ടാക്കി. പാറശ്ശാല പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. ഉന്തിലും തള്ളിലും പരിക്കേറ്റ കോൺഗ്രസ് അംഗങ്ങളായ വിനയനാഥ്, ലെൽവിൻജോയ്, സി.പി.എം. അംഗമായ സുനിൽ എന്നിവർ ആശുപത്രിയിൽ ചികിത്സതേടി. Content Highlights:Conflict between the ruling and opposition parties in the Parassala Panchayat Committee


from mathrubhumi.latestnews.rssfeed https://ift.tt/3nV8UAY
via IFTTT