Breaking

Monday, November 29, 2021

യു.എ.ഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം; ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ

അബുദാബി: ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറൽ ക്രൈം ആൻഡ് പണിഷ്മെന്റ് നിയമം പരിഷ്കരിച്ചു. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ വരെ നീട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമപരിഷ്കാരങ്ങൾക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. സാമ്പത്തിക, നിക്ഷേപ, വാണിജ്യ, മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്താനുമാണ് പരിഷ്കാരങ്ങളെന്ന് യു.എ.ഇ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യു.എ.ഇയുടെ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരങ്ങളാണ് വരുത്തിയിട്ടുള്ളത്. 40 ഓളം നിയമങ്ങളാണ് പരിഷ്കരിച്ചത്. പുതിയ നിയമനിർമ്മാണം സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു. കൂടാതെ വിവാഹേതര ബന്ധങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു. 2022 ജനുവരി രണ്ട് മുതൽ പുതുക്കിയ നിയമങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വരും. അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവർക്ക് 10,000 ദിർഹത്തിൽ കുറയാത്ത പിഴയോ തടവോ അനുഭവിക്കേണ്ടി വരും. അതിൽ ലിംഗഭേദമില്ല. കുറ്റകൃത്യ വേളയിൽ ഭീഷണിയോ ബലപ്രയോഗമോ നടത്തിയിട്ടുണ്ടെങ്കിൽ അഞ്ചു മുതൽ 20 വർഷം വരെ തടവ് ലഭിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3o3nLJX
via IFTTT