Breaking

Sunday, November 28, 2021

ശശികലേ... നിങ്ങള്‍ എവിടെയാണ്...

അറുപതുവർഷംമുൻപുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശശികലയെന്ന പെൺകുട്ടിയുടെ നവരസാഭിനയചിത്രം പൂമൊട്ടുപോലെ ഒരു പെൺകുട്ടി... മുഖത്ത് നവരസഭാവങ്ങളും... ക്യാമറയ്ക്കുമുന്നിൽ നിറഞ്ഞുനിൽക്കുകയാണ് ആ കൊച്ചുമിടുക്കി. ആറുപതിറ്റാണ്ടു പഴക്കമുണ്ട് കറുപ്പും വെളുപ്പും കലർന്ന ഈ ചിത്രത്തിന്. ഈ പെൺകുട്ടി ഇപ്പോൾ എവിടെയായിരിക്കും. സാമൂഹികമാധ്യമങ്ങളിൽ ഒരുപാടുകാലമായി ഓടിക്കളിക്കുന്ന ചോദ്യമാണ്. അറുപതുവർഷംമുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ശശികലയെന്ന പെൺകുട്ടിയുടെ ഭാവാഭിനയ ചിത്രം പ്രസിദ്ധീകരിച്ചത്. ചാത്തന്നൂർ കലാസമിതിയിലെ വിദ്യാർഥിനിയെന്നായിരുന്നു അടിക്കുറിപ്പ്. പ്രാദേശികചരിത്രകാരനും ചിത്രകാരനുമായ പള്ളിക്കോണം രാജീവാണ് തന്റെ ശേഖരത്തിലുണ്ടായിരുന്ന ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. നവരസാഭിനയം കാഴ്ചവയ്ക്കുന്ന ശശികലയെന്ന ഈ സുന്ദരിക്കുട്ടി ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ന് 70 വയസ്സുണ്ടായിരിക്കണം എന്ന വരികളോടെയാണ് അദ്ദേഹം ഫോട്ടോഅപ്ലോഡ്ചെയ്തത്. ചിത്രം ഏറെപ്പേരിൽ കൗതുകമുണർത്തി. പ്രശസ്തരായ ചില നർത്തകിമാരുടെ പേരുകൾ പലരും ഉന്നയിച്ചു. വാട്ട്സാപ്പിൽ പലഗ്രൂപ്പുകളിലും ശശികലയുടെ ചിത്രങ്ങൾ പ്രചരിക്കപ്പെട്ടു. ഇപ്പോഴും അതു തുടരുന്നുണ്ടെങ്കിലും ശരിക്കുള്ള ശശികല ഇപ്പോഴും അരങ്ങിനു പുറത്താണ്. ചാത്തന്നൂർ കലാസമിതി എന്ന നൃത്തസ്ഥാപനം ഇപ്പോഴില്ല. ഓർമകളുടെ അണിയറയിലേക്ക് പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പോയ്മറഞ്ഞു. കലാരംഗത്ത് ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ചാത്തന്നൂരിന് കഥകളി, ഓട്ടൻതുള്ളൽ, നൃത്തം എന്നിവയിൽ സവിശേഷമായ സ്ഥാനമാണുള്ളത്. കഥകളിയുടെ കളിത്തട്ടെന്നുവിശേഷിപ്പിക്കാവുന്ന ശ്രീഭൂതനാഥക്ഷേത്ര കഥകളിയോഗം ഇന്നും സജീവമാണ്. നാടിന്റെ കലാപാരമ്പര്യത്തിന്റെ സ്മരണികകൂടിയാണ് പതിറ്റാണ്ടുകൾക്കപ്പുറം ശശികലയുടെ ചിത്രം. മക്കൾക്കും പേരമക്കൾക്കും അഭിനയപാഠങ്ങൾ പകർന്നുനൽകി ഇന്നും എവിടെയോ ശശികലയുണ്ടാവാം... ചിത്രത്തിലെ കൊച്ചുപെൺകുട്ടിയെക്കുറിച്ച് പുതുമാധ്യമങ്ങളിൽ കൗതുകങ്ങളും അന്വേഷണവും തുടരുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3EfpjpX
via IFTTT