Breaking

Sunday, November 28, 2021

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കും

അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി സംസ്ഥാനത്തും അതിജാഗ്രത ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ ലോകമെങ്ങും ആശങ്ക ഉയർത്തുന്നതിനിടെ ശനിയാഴ്ച അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിന്റെ വകഭേദം ഉയർത്തുന്ന വെല്ലുവിളികളും രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയവും ചർച്ചയായി. അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബർ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നൽകിയ ഇളവുകളും പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു. ആഗോളതലത്തിലുണ്ടായ കോവിഡ് വ്യാപന രീതി ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ പറഞ്ഞു. ഒമിക്രോണിന്റെ പ്രത്യേകതകൾ, സ്വഭാവം എന്നിവയും വിവിധ രാജ്യങ്ങളിലുണ്ടാക്കിയ ആഘാതങ്ങളും വിലയിരുത്തിയ യോഗം ഇന്ത്യയിലുണ്ടാവാനിടയുള്ള പ്രശ്നങ്ങളും ചർച്ച ചെയ്തു. രാജ്യാന്തര വിമാനങ്ങൾ, പ്രത്യേകിച്ച് പ്രശ്നരാജ്യങ്ങളിൽ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാർഗനിർദേശങ്ങൾക്കനുസൃതമായി പരിശോധനകൾ നടത്താനും നിർദേശിച്ചു. യോഗത്തിൽ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ എന്നിവർ പങ്കെടുത്തു.കോവിഡിന്റെ രണ്ടാംതരംഗത്തിൽ ഇന്ത്യയിൽ ദുരിതം വിതച്ച ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടെയടക്കം മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റു ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് യു.എസ്., യൂറോപ്യൻ യൂണിയൻ, യു.കെ., കാനഡ തുടങ്ങിയ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെത്തിയാൽആർ.ടി.പി.സി.ആർ., ക്വാറന്റീൻ പത്തനംതിട്ട: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. പരിശോധനയും ഏഴുദിവസം ക്വാറന്റീനും നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാലും കേന്ദ്ര നിർദേശപ്രകാരം അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാക്സിനേഷൻ മറികടക്കാൻ കഴിവുള്ളതാണോ പുതിയ വകഭേദം എന്നതു സംബന്ധിച്ച് റിപ്പോർട്ട് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3CT9p2Q
via IFTTT