Breaking

Monday, November 29, 2021

ജീവിതം ‘റെഡ് സിഗ്നലി’ൽ; തോൽക്കാതെ ഷെഹ്രീൻ

കൊച്ചി: ദേശീയപാതയിലെ കുമ്പളം ടോൾപ്ലാസയിലേക്കു വരുന്ന വാഹനങ്ങൾക്കെല്ലാം പൊരിവെയിലിൽനിന്ന് ഷെഹ്രീൻ കൈകാണിക്കുന്നുണ്ട്. വാഹനങ്ങൾക്കു ഫാസ്ടാഗ് നൽകി അത് ചെക്ക് പോസ്റ്റ് കടക്കാനുള്ള ഗ്രീൻ സിഗ്നലാക്കുമ്പോൾ ‘റെഡ് സിഗ്നലി’ലായ സ്വന്തം ജീവിതത്തിനുവേണ്ടിയാണ് ഷെഹ്രീന്റെ പോരാട്ടം. തൂപ്പുജോലി ചെയ്യുന്ന അമ്മയും ഭിന്നശേഷിക്കാരനായ അനുജനുമടങ്ങുന്ന കുടുംബത്തെ പോറ്റാനാണ് ഷെഹ്രീൻ അമാൻ എന്ന ഒമ്പതാം ക്ലാസുകാരി ടോൾ പ്ലാസയ്ക്കു സമീപം ഫാസ്ടാഗ് വിൽക്കുന്നത്.നേരത്തേ റോഡരികിലെ തട്ടുകടയിൽ കുലുക്കി സർബത്ത് വിൽപ്പനയായിരുന്നു ജോലി. കോവിഡ് കാലത്ത് അതു പൂട്ടിയതോടെയാണ് ഫാസ്ടാഗ് വിൽപ്പനക്കാരിയായത്. കുമ്പളം ആർ.പി.എം. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഷെഹ്രീനും അമ്മ ഷഹ്‌നാസും ഒമ്പതു വയസ്സുകാരനായ അനുജൻ അർഫാസുമാണ് വീട്ടിലുള്ളത്.‘‘ഉമ്മയ്ക്ക് തൂപ്പുജോലിയിൽനിന്നും വീട്ടുവേലയിൽനിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നു മനസ്സിലായതോടെയാണ് തട്ടുകടയിട്ടു കുലുക്കിസർബത്ത് വിൽപ്പന നടത്തിയത്. തട്ടുകട നിർത്തിയതോടെ ഫാസ്ടാഗ് വിൽപ്പനക്കാരിയായി. ഒരു ടാഗ് വിറ്റാൽ 150 രൂപ കിട്ടും. ചിലദിവസം മൂന്ന്-നാല് ടാഗ് വിൽക്കും. ചില ദിവസം ഒരെണ്ണംപോലും വിൽക്കാനാകില്ല. ഉച്ചവരെ സ്കൂളിൽ പഠിച്ചശേഷം അവിടെനിന്ന് കിട്ടുന്ന ഉച്ചഭക്ഷണവും കഴിച്ചാണ് ഫാസ്ടാഗ് വിൽപ്പനയ്ക്കു വരുന്നത്. വൈകുന്നേരമാകുമ്പോഴക്കും വിശക്കുമെങ്കിലും കാശിന്റെ കാര്യമോർക്കുമ്പോൾ ഒന്നും വാങ്ങിക്കഴിക്കാതെ രാത്രിവരെ അവിടെ നിൽക്കും’’- ഷെഹ്രീൻ പറഞ്ഞു. പഠനത്തിൽ മിടുക്കിയാണ് ഷെഹ്രീനെന്ന് അധ്യാപിക ഷേർളി പറഞ്ഞു. ഭാവിയിൽ ഒരു ഐ.പി.എസുകാരിയാകണമെന്നാണ് മോഹം. എന്നാൽ, അതിനെക്കാൾ വലിയ രണ്ടു ആഗ്രഹങ്ങളാണ് അവൾക്കിപ്പോഴുള്ളത്. ഭിന്നശേഷിക്കാരനായ അനുജന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനൊരു ജോലി എന്നതാണ് അതിലൊന്ന്. ഹൃദയത്തിലടക്കം നാലു ശസ്ത്രക്രിയകൾ ഇതിനകം അനുജന് നടത്തിക്കഴിഞ്ഞു. താമസിക്കാൻ സ്വന്തമായി ഒരു കൊച്ചുവീട് എന്നതാണ് രണ്ടാമത്തെ ആഗ്രഹം. ഇപ്പോൾ തറവാട്ടിലാണ് ഷെഹ്രീനും ഉമ്മയും അനുജനും കഴിയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3FZsXVj
via IFTTT