Breaking

Monday, November 22, 2021

ഭർത്താവ് അമരനാകാൻ ജീവനോടെ അടക്കംചെയ്തെന്ന് സംശയം; ഭാര്യയെ പോലീസ് ചോദ്യംചെയ്തു

ചെന്നൈ: ഭർത്താവിന് അമരത്വം ലഭിക്കാൻ ജീവനോടെ ഭാര്യ അടക്കംചെയ്തെന്ന് സംശയം. പെരുമ്പാക്കത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. കലൈഞ്ജർ കരുണാനിധി നഗറിൽ താമസിക്കുന്ന നാഗരാജാണ് (59) മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ലക്ഷ്മിയെ (55) പോലീസ് ചോദ്യംചെയ്തുവരികയാണ്. ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയംഅവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നിൽ ക്ഷേത്രം നിർമിച്ച് പൂജകൾ നടത്തിയിരുന്നു. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോൾ താൻ മരിക്കാൻപോവുകയാണെന്ന് ഭാര്യയോട് പറഞ്ഞു. അമരത്വം നേടാൻ തന്നെ ജീവനോടെ അടക്കംചെയ്യണമെന്നും ഈ വിവരം ആരെയും അറിയിക്കരുതെന്നും നാഗരാജ് ഭാര്യയോട് പറഞ്ഞു. ഇതുവിശ്വസിച്ച ലക്ഷ്മി ജലസംഭരണിക്കാണെന്ന പേരിൽ വീടിനുപിന്നിൽ തൊഴിലാളികളെവെച്ച് കുഴിയെടുത്തു. തുടർന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. നഗരത്തിലെ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുന്ന മകൾ വാരാന്ത്യത്തിൽ വീട്ടിലെത്തിയപ്പോൾ അച്ഛനെ കാണാതെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. മകൾ ഉടനെ പോലീസിൽ വിവരമറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ ജീവനോടെയാണോ അടക്കംചെയ്തതെന്ന് അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3CE5h6E
via IFTTT