Breaking

Monday, November 29, 2021

ചെല്‍സിയെ സമനിലയില്‍ തളച്ച് യുണൈറ്റഡ്, സിറ്റിയ്ക്കും ലെസ്റ്ററിനും വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുന്ന ചെൽസിയെ സമനിലയിൽ തളച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡ്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മറ്റ് മത്സരങ്ങളിൽ മാഞ്ചെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ കീഴടക്കിയപ്പോൾ ലെസ്റ്റർ സിറ്റി വാറ്റ്ഫോർഡിനെ തകർത്തു. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനായി ജേഡൻ സാഞ്ചോയും ആതിഥേയർക്ക് വേണ്ടി ജോർജീന്യോയും ലക്ഷ്യം കണ്ടു. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ 50-ാം മിനിട്ടിൽ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. സാഞ്ചോയുടെ മികച്ച ഫിനിഷിലൂടെ ചുവന്ന ചെകുത്താന്മാർ ലീഡെടുത്തു. സാഞ്ചോയുടെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. എന്നാൽ യുണൈറ്റഡിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. 69-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് നായകൻ ജോർജീന്യോ ചെൽസിയ്ക്ക് സമനില സമ്മാനിച്ചു. സൂപ്പർ താരം റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് താത്കാലിക പരിശീലകൻ മൈക്കിൾ കാരിക്ക് യുണൈറ്റഡിനെ ഇറക്കിയത്. ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. മറ്റൊരു മത്സരത്തിൽ സിറ്റി ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് അട്ടിമറി വീരന്മാരായ വെസ്റ്റ് ഹാമിനെ കീഴടക്കി. സിറ്റയ്ക്ക് വേണ്ടി ഇൽകൈ ഗുണ്ടോഗനും ഫെർണാണ്ടിന്യോയും സ്കോർ ചെയ്തപ്പോൾ വെസ്റ്റ് ഹാമിനായി മാനുവേൽ ലാൻസിനി ആശ്വാസ ഗോൾ നേടി. ലെസ്റ്റർ രണ്ടിനെതിരേ നാലുഗോളുകൾക്ക് വാറ്റ് ഫോർഡിനെ തകർത്തു. ലെസ്റ്ററിനായി ജെയ്മി വാർഡി ഇരട്ട ഗോളുകൾ നേടിയപ്പോൾ ജെയിംസ് മാഡിസൺ, അഡെമോല ലുക്ക്മാൻ എന്നിവരും ലക്ഷ്യം കണ്ടു. വാറ്റ്ഫോർഡിനായി ജോഷ്വ കിങ്ങും ഇമ്മാനുവേൽ ബോണാവെൻച്വറും സ്കോർ ചെയ്തു. മറ്റ് മത്സരങ്ങളിൽ ബ്രെന്റ്ഫോർഡ് എവർട്ടണെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചപ്പോൾ ബ്രൈട്ടൺ ലീഡ്സ് യുണൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 13 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 30 പോയന്റുമായി ചെൽസിയാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. 29 പോയന്റുമായി മാഞ്ചെസ്റ്റർ സിറ്റി രണ്ടാമതും 28 പോയന്റുമായി ലിവർപൂൾ മൂന്നാമതും നിൽക്കുന്നു. വെസ്റ്റ് ഹാം, ആഴ്സനൽ എന്നീ ടീമുകൾ നാല്, അഞ്ച് സ്ഥാനത്ത് നിൽക്കുന്നു. മാഞ്ചെസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്. Content Highlights: English Premier League round 13 results, manchester united, chelsea, manchester city


from mathrubhumi.latestnews.rssfeed https://ift.tt/317jM66
via IFTTT