Breaking

Sunday, November 28, 2021

ദത്തുനൽകിയ കുട്ടിയെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കൽ കാണാമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഒമ്പത് വർഷം മുമ്പ് ദത്തുനൽകിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. എന്നാൽ, ആഴ്ചയിലൊരിക്കൽ കുട്ടിയെ കാണാൻ അമ്മയ്ക്ക് അനുമതി നൽകി. സേലം സ്വദേശി ശരണ്യയാണ് ഭർത്താവിന്റെ സഹോദരിയ്ക്ക് ദത്തുനൽകിയ പെൺകുട്ടിയെ തിരികെ വേണമെന്നാവശ്യപ്പെട്ടത്. വളർത്തമ്മയും പെറ്റമ്മയും വേണമെന്ന് കുട്ടി കോടതിയിൽ പറഞ്ഞു. തുടർന്ന് വളർത്തമ്മയ്ക്കൊപ്പം കുട്ടിയെ വിടാൻ ജസ്റ്റിസ് പി.എൻ. പ്രകാശ്, ജസ്റ്റിസ് ആർ.എൻ. മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ ആഴ്ചയിലൊരിക്കൽ കുട്ടിയെ കാണാൻ പെറ്റമ്മയെ അനുവദിക്കണമെന്നും വ്യക്തമാക്കി. സേലം അമ്മപേട്ടയിലെ ശിവകുമാർ ഭാര്യ ശരണ്യയുടെ സമ്മതത്തോടെ 2012-ലാണ് മൂന്നര മാസം പ്രായമുള്ള കുട്ടിയെ സഹോദരി സത്യയ്ക്ക് ദത്തുനൽകിയത്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും സത്യയ്ക്ക് കുട്ടികളില്ലാത്തതിനെ തുടർന്നാണ് മൂന്നാമത്തെ കുട്ടിയെ ദത്തുനൽകാൻ ശിവകുമാറും ശരണ്യയും തയ്യാറായത്. 2019-ൽ സത്യയുടെ ഭർത്താവ് രമേഷ് അർബുദം ബാധിച്ച് മരിച്ചതിനെ തുടർന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു. മകളെ നൽകാൻ സത്യ തയ്യാറാകാതെ വന്നതോടെ തർക്കമാകുകയും കുട്ടിയെ അധികൃതർ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ശരണ്യ മദ്രാസ് ഹൈക്കോടതിയിയെ സമീപിച്ചു. സത്യയും കോടതിയിൽ ഹർജി നൽകി. ഇരുഭാഗത്തെയും വാദം കേട്ട കോടതി ഇത്രയും നാൾ വളർത്തിയ പോറ്റമ്മയ്ക്കൊപ്പം കുട്ടി കഴിയട്ടേയെന്ന് ഉത്തരവിടുകയായിരുന്നു. പോറ്റമ്മെയും പെറ്റമ്മയെയും വേണമെന്ന കുട്ടിയുടെ ആവശ്യത്തെ ത്തുടർന്നാണ് പെറ്റമ്മയെ കാണാൻ അനുവാദം നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3EbY1jS
via IFTTT