Breaking

Monday, November 29, 2021

മംഗൾമയിക്ക് പഠിക്കണം, സ്വപ്‌നങ്ങളെത്തിപ്പിടിക്കണം...

കോഴിക്കോട്: ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു ഒരുപാട്. ശാസ്ത്രജ്ഞനാവണം, റോബോട്ടുണ്ടാക്കണം, അങ്ങനെയങ്ങനെ...ഇപ്പോ അതൊക്കെ പോയി. കാലിന് ഇനിയും ഓപ്പറേഷൻ വേണ്ടി വരുമെന്നാ ഡോക്ടറ് പറഞ്ഞത്. എന്നാലും എനിക്ക് പഠിക്കണം..., ചേവായൂരിലെ വാടകവീട്ടിലെ മുറിയിലൊരുക്കിയ ഹോംലാബിലേക്ക് നോക്കി എട്ടാംക്ലാസുകാരൻ മംഗൾമയ് പറഞ്ഞുതുടങ്ങി. തിളങ്ങുന്ന കണ്ണുകളിൽ ആകാശംമുട്ടെ പ്രതീക്ഷയുണ്ട്. ചുമരിലെ അവൻ വരച്ച ചിത്രങ്ങളിലെല്ലാമുണ്ട് ആ പ്രതീക്ഷ. ജാർഖണ്ഡുകാരനാണ് മംഗൾമയ്. കുറച്ചുവർഷമായി കോഴിക്കോട്ടുണ്ട്. ഇപ്പോൾ മെഡിക്കൽകോളേജ് കാമ്പസ് സ്കൂൾ വിദ്യാർഥി. കാലിന് അസ്ഥിരോഗം ബാധിച്ചതിനെത്തുടർന്ന് ഇതുവരെ എട്ട് ഓപ്പറേഷനുകൾ നടത്തി. നടക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നിട്ടും മാറാത്ത രോഗത്തോട് പൊരുതുകയാണ് അവൻ. സ്വകാര്യസ്ഥാപനത്തിൽ മെക്കാനിക്കായിരുന്നു അച്ഛൻ ചത്രുഭുജ് കോവിഡ് കാരണം രണ്ടുവർഷമായി പണിയില്ല. ഉത്തരേന്ത്യയിൽ പഠിക്കവേയാണ് മംഗൾമയിക്ക് ആരോഗ്യപ്രശ്നം തുടങ്ങിയത്. പിന്നീട് മലയാളിയായ ഒരു ഓഫീസറുടെ സഹായത്തോടെ കോഴിക്കോട്ടെത്തി. ചേവായൂരിലുള്ള സ്കൂളിൽചേർന്ന് പഠനം തുടർന്നു. സ്കൂളിൽ ഒരുദിവസം വീണു. പിന്നെ പ്രശ്നം പതിവായി. അങ്ങനെയാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് ഓപ്പറേഷൻ നടത്തിയത്. സ്കൂളിൽപോകാൻപോലും പറ്റില്ല.. -മംഗൾ പറഞ്ഞു. രോഗം തളർത്തുമ്പോഴും മംഗൾമയിക്ക് ആശ്വാസമാകുന്നത് ചിത്രംവരയും ഇലക്ട്രിക്കൽ ജോലികളുമാണ്. സി.ഡി. ഡിസ്കിൽ നിറയെ ചിത്രങ്ങൾ വരയ്ക്കും. ചെറിയ ചെറിയ ഇലക്ട്രിക് സാധനങ്ങൾ ഉണ്ടാക്കും. സ്വയംനന്നാക്കിയ റേഡിയോ, ഫാൻ, എമർജൻസി ലൈറ്റ്, ഒറ്റയ്ക്ക് നിർമിച്ച മൊബൈൽ റെക്കോർഡിങ് സ്റ്റാൻഡ്, ടൂൾ കിറ്റ് എല്ലാം ഹോംലാബ് എന്ന ബോർഡിന് താഴെ അടുക്കിവെച്ചിട്ടുണ്ട്. സ്കൂളിലെയും എസ്.എസ്.കെ.യിലും ടീച്ചർമാരൊക്കെ വരും. അടുപ്പമുള്ള ചിലരും സഹായിക്കും. ഗ്യാസ്, ഭക്ഷണം, കറന്റ് എല്ലാംകൂടി തികയില്ല. റേഷൻകാർഡൊന്നും ഇല്ല. അതിനൊപ്പം ചികിത്സയും.... -വേദനയമർത്തിവെച്ച് ചിരിക്കുകയാണ് മംഗൾമയ്. ഒപ്പം മകന്റെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുന്ന അച്ഛനും. സ്കൂളിൽപോകാൻ ഇഷ്ടമാണ്. ഇപ്പോൾ പറ്റാറില്ലെങ്കിലും. ഒടുവിലായി മംഗൾ ഒരു സ്വപ്നം പങ്കുവെച്ചു. പഴയൊരു സൈക്കിളുണ്ട്. വയ്യാത്തതിനാൽ ഒറ്റക്കാലിൽ അത് ചവിട്ടാനാകില്ല. മോട്ടോർ പിടിപ്പിച്ചാൽ സൈക്കിൾ ഇലക്ക്ട്രിക് ആവും. അപ്പോ ബുദ്ധിമുട്ടില്ലാതെ ഓടിക്കാം. പക്ഷേ അതിന് 10,000 രൂപയോളം ചെലവുവരും. എന്നിട്ട് സ്കൂളിൽ പോകും..... മംഗളിന്റെ അച്ഛൻ ചത്രുഭുജ് കേവാതിന്റെ പേരിൽ യൂണിയൻ ബാങ്ക് കോഴിക്കോട് ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 339802010121284. ഐ.എഫ്.എസ്.സി. കോഡ്: UBIN0533980. Content Highlights:Mangalmay undergone eight surgeries so far due to osteoporosis of the leg


from mathrubhumi.latestnews.rssfeed https://ift.tt/3rif5RG
via IFTTT