Breaking

Sunday, November 28, 2021

തണ്ടപ്പേരില്ല; മഹാരാജാവിന് ആറ്റിങ്ങലിലെ ഭൂമിയിൽ അവകാശമില്ലെന്ന് റവന്യൂവകുപ്പ്

തിരുവനന്തപുരം: ചിത്തിരതിരുനാൾ രാജാവിന് ആറ്റിങ്ങൽ കൊട്ടാരത്തിനു സമീപം അവകാശപ്പെട്ട സ്ഥലത്തിന് തണ്ടപ്പേരില്ലെന്ന് റവന്യൂവകുപ്പ്. അതിനാൽ സ്ഥലത്തിന് കരമടച്ച് അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്നാണ് മറുപടി.ആറ്റിങ്ങലിൽ രാജകുടുംബത്തിനുണ്ടായിരുന്ന പ്രധാന കൊട്ടാരം ദേവസ്വംബോർഡിന്റെ അധീനതയിലാണിപ്പോൾ. അതിനോടു ചേർന്നുള്ള കമാനവും 15 സെന്റ് സ്ഥലവുമാണ് രാജകുടുംബത്തിന്റേതായി അവശേഷിക്കുന്നത്. 1971-ലെ ഭാഗപത്രപ്രകാരം സ്ഥലത്തിന്റെ അവകാശി ചിത്തിരതിരുനാൾ രാജാവാണ്. ആറ്റിങ്ങൽ നഗരസഭ ഈ കമാനം രാജകുടുംബത്തിന്റെ പേർക്ക് നമ്പറിട്ട് കരം ഒഴിവാക്കിക്കൊടുത്തിട്ടുമുണ്ട്. തങ്ങളുടെ കുടുംബപരദേവതാസ്ഥാനമായ തിരുവർകാട് ദേവീക്ഷേത്രത്തിലെ ചടങ്ങുകൾക്കെത്തുമ്പോൾ തങ്ങാനായി ഒരു വിശ്രമമന്ദിരം, ചാമുണ്ഡി പ്രതിഷ്ഠ എന്നിവ സ്ഥാപിക്കാനുദ്ദേശിച്ചാണ് രാജകുടുംബം റവന്യൂവകുപ്പിനെ സമീപിച്ചത്. നിയമാനുസൃതമുള്ള അവകാശികൾക്ക് കരമൊടുക്കി നൽകാൻ ആർഡി.ഒ.ക്കാണ് അപേക്ഷ നൽകിയത്.ഈ സ്ഥലത്തിന് ആറ്റിങ്ങൽ വില്ലേജിൽ തണ്ടപ്പേരില്ലെന്നാണ് അപേക്ഷയ്ക്കു ലഭിച്ച മറുപടി. ഗോപുരനടയിലൂടെ ക്ഷേത്രത്തിലെ ആറാട്ട് കടന്നുപോകുന്നതിനാൽ പൊതുവഴിയായി ഉപയോഗിക്കുന്നു. ഇതിനാൽ പോക്കുവരവ് ചെയ്യാൻ കഴിയില്ലെന്നും അറിയിപ്പിലുണ്ട്. അവസാനത്തെ രാജാവ് ചിത്തിരതിരുനാൾ കരമടച്ച് തണ്ടപ്പേർ പിടിച്ചില്ല എന്നാണ് റവന്യൂവകുപ്പിന്റെ കണ്ടെത്തൽ. കൊട്ടാരം സെക്രട്ടറിക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/32EDVRH
via IFTTT