Breaking

Thursday, November 25, 2021

ആറുവരി ദേശീയപാത: റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലങ്ങളും അടിപ്പാതകളും; സിഗ്നലുകളും ഒഴിവാക്കും

തിരുവനന്തപുരം: ദേശീയപാത 66 ആറുവരിയായി വീതികൂട്ടുമ്പോൾ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും റോഡ് മുറിച്ചുകടക്കുന്നതിന് നിയന്ത്രണമുണ്ടാകും. പ്രധാന കവലകളിൽ അടിപ്പാതകളും മേൽപ്പാലങ്ങളുമാണ് നിർദേശിച്ചിട്ടുള്ളത്. ഡിവൈഡറുകൾ മുറിച്ചുള്ള യാത്രകൾ തടയും. ദേശീയപാതയിലെ വാഹനങ്ങൾ മറുവശത്തേക്കു കടക്കണമെങ്കിൽ സർവീസ് റോഡിൽ കയറി അണ്ടർപാസ് വഴി പോകേണ്ടിവരും. സിഗ്നൽ ലൈറ്റുകളും ഒഴിവാക്കപ്പെടുന്ന വിധത്തിലാണ് ക്രമീകരണം. ഇടറോഡുകളിൽനിന്നു ദേശീയപാതകളിലേക്കുള്ള പ്രവേശനം സുരക്ഷിതപാതയിലൂടെ ആയിരിക്കും. തുറവൂർ-കഴക്കൂട്ടം മേഖല ആറുവരിയാക്കുന്നതിനായി തയ്യാറാക്കിയ രൂപരേഖയിലാണ് വാഹനാപകടങ്ങൾ കുറയ്ക്കാൻ ഇന്ത്യൻ റോഡ് കോൺഗ്രസ് നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുള്ളത്. 25 വർഷത്തിനിടെ ഉണ്ടാകാനിടയുള്ള വാഹനത്തിരക്കുകൂടി പരിഗണിച്ചാണ് ജങ്ഷനുകളിൽ അടിപ്പാതകളും മേൽപ്പാലങ്ങളും നിഷ്കർഷിച്ചിട്ടുള്ളത്. മേൽപ്പാലങ്ങളെക്കാൾ ചെലവുകുറഞ്ഞ കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിയുള്ള അടിപ്പാതകളാണ് കൂടുതൽ സ്ഥലങ്ങളിലുമുള്ളത്. ദേശീയപാതയ്ക്ക് ഇരുവശത്തും സമാന്തരറോഡുകൾ ഉണ്ടാകും. ഓരോ പ്രദേശത്തെയും വാഹനസാന്ദ്രത കണക്കിലെടുത്ത് നിശ്ചിത കിലോമീറ്ററിനുള്ളിൽ അടിപ്പാതകൾ ഉണ്ടാകും. ഇരുചക്രവാഹനങ്ങളും കാറുകളും കടന്നുപോകാൻ പാകത്തിൽ ചെറിയ അണ്ടർപാസുകളുമുണ്ട്. പ്രധാന റോഡിനും സമാന്തരപാതയ്ക്കും ഇടയിൽ ഓടയും സുരക്ഷാവേലിയും ഉണ്ടാകും. സമാന്തരപാതയിൽനിന്ന് ഉയരത്തിലായിരിക്കും പ്രധാനപാത. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ഫുട്ഓവർബ്രിഡ്ജുകളുണ്ടാവും.


from mathrubhumi.latestnews.rssfeed https://ift.tt/3HRk1mz
via IFTTT