Breaking

Friday, November 26, 2021

പാർലമെന്റിൽ തൃണമൂലുമായി ഒന്നിച്ചുനീങ്ങാൻ കോൺഗ്രസ് തീരുമാനം; എതിര്‍ത്ത് അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ വിവിധ വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളെ ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ കോൺഗ്രസ് തീരുമാനം. ലോക്സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നിലപാട് ചർച്ചചെയ്യാൻ വ്യാഴാഴ്ച വൈകീട്ട് അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലോക്സഭാ കക്ഷിനേതാവും ബംഗാളിൽനിന്നുള്ള എം.പി.യും മമതാ ബാനർജിയുടെ നിത്യ വിമർശകനുമായ അധീർ രഞ്ജൻ ചൗധരി ഇതിനെ ആദ്യം എതിർത്തു. ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് തൃണമൂൽ സ്വീകരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതെന്നും ചൗധരി ചൂണ്ടിക്കാട്ടി. എങ്കിലും പാർലമെന്റിനുള്ളിൽ കേന്ദ്രസർക്കാരിനെതിരേ എല്ലാ പ്രതിപക്ഷകക്ഷികളെയും യോജിപ്പിച്ചുപ്രവർത്തിക്കണമെന്ന അധ്യക്ഷ സോണിയാഗാന്ധിയുടെ നിലപാട് ഒടുവിൽ എല്ലാവരും അംഗീകരിച്ചു. വർഷകാലസമ്മേളനത്തിന്റെ ആദ്യദിവസംതന്നെ കാർഷികനിയമം പിൻവലിക്കലും കർഷകരുടെ താങ്ങുവില അടക്കമുള്ള ആവശ്യങ്ങളും ഉന്നയിക്കും. പ്രധാനപ്പെട്ട വിഷയങ്ങളിൽമാത്രം നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിച്ചാൽ മതിയെന്നാണ് തീരുമാനം. ചോദ്യോത്തരവേളയും ശൂന്യവേളയും പരമാവധി ഉപയോഗിക്കും. ആദ്യദിവസംതന്നെ സർക്കാർ കാർഷികബിൽ പിൻവലിക്കാനുള്ള നിയമം കൊണ്ടുവരുകയാണെങ്കിൽ ചർച്ചയിൽ പങ്കെടുക്കും. കുറഞ്ഞ തറവില നിയമപരമായി അംഗീകരിക്കണമെന്നതടക്കം സംയുക്ത കിസാൻ മോർച്ച ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ നിർദേശിക്കും. രണ്ടാം ദിവസം ഇന്ധനവില വർധന, അവശ്യസാധന വിലക്കയറ്റം എന്നിവ ഉന്നയിക്കും. പെഗാസസിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയുടെ മറുപടി, ചൈനയുടെ കടന്നുകയറ്റം, കോവിഡ് നഷ്ടപരിഹാരം, ജമ്മുകശ്മീരിൽ നിരന്തരമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ, വെള്ളപ്പൊക്കപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഓരോ ദിവസങ്ങളിലായി ഉന്നയിക്കും. വിവിധ പ്രതിപക്ഷകക്ഷികളെ ഏകോപിപ്പിക്കാൻ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി. യോഗത്തിൽ മുതിർന്ന പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. Content Highlights:Parliament Congress Trinamool Congress


from mathrubhumi.latestnews.rssfeed https://ift.tt/32t58Xf
via IFTTT