Breaking

Sunday, November 28, 2021

ജീവിക്കാൻ അനുവദിക്കൂ... മരണത്തിനും ദുരിതത്തിനുമിടയിൽ റിട്ട. ഐ.പി.എസുകാരൻ

കൊച്ചി: മുഖംനോക്കാതെ കൃത്യനിർവഹണം നടത്തിയെന്ന കുറ്റത്തിന് ഈ റിട്ട. എസ്.പി. അനുഭവിക്കുന്നത് വലിയ നീതിനിഷേധം. സർവീസിന്റെ അവസാന നാലുവർഷം സസ്പെൻഷൻ. വിരമിച്ചപ്പോൾ പെൻഷനും ആനുകൂല്യവുമില്ല. നാട്ടിൽ ജീവിതം അസാധ്യമെന്നു തോന്നിയതോടെ സംസ്ഥാനത്തിനുപുറത്ത് സെക്യൂരിറ്റി ജോലിയെടുത്ത് ജീവിതം. വിധി അവിടെയും വിലങ്ങുതടിയായി. നിനച്ചിരിക്കാതെ സംഭവിച്ച വാഹനാപകടം ആശുപത്രിക്കിടക്കയിലാക്കി. ഒപ്പം, സാമ്പത്തിക പ്രതിസന്ധിയും ജീവനു ഭീഷണിയും. ഫസൽ വധക്കേസിൽ ആദ്യം അന്വേഷണം നടത്തിയ സംഘത്തലവൻ കെ. രാധാകൃഷ്ണനാണ് ഈ ദുർവിധി. ഫസൽ വധക്കേസിൽ നേരായി അന്വേഷണം നടത്തിയതും തുമ്പുണ്ടാക്കിയതും കാരായിമാരുടെ അറസ്റ്റിലേക്കു വഴിവെച്ചതുമാണ് തന്റെ ഈ അവസ്ഥയ്ക്കു കാരണമെന്ന് രാധാകൃഷ്ണൻ പറയുന്നു.കേസിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരെക്കുറിച്ച് ആദ്യം അന്വേഷിച്ചത് രാധാകൃഷ്ണനായിരുന്നു. അന്വേഷണത്തെ സി.പി.എം. നേതൃത്വം എതിർത്തു. രാധാകൃഷ്ണൻ സമ്മർദങ്ങൾക്കു വഴങ്ങിയില്ല. നാലരവർഷംമുമ്പാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ്. ലഭിച്ചെങ്കിലും സർവീസിൽ തിരിച്ചുകയറാനായില്ല. ഇതിനിടെ, കേരള ആംഡ് പോലീസ് കമാൻഡറായി വിരമിച്ചു. ഡിവൈ.എസ്.പി. ആയിരിക്കേയാണ് ഫസൽ വധക്കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നാലുതവണ കണ്ട് ദുരിതം അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല.ഫസൽവധം കഴിഞ്ഞ് പത്തുദിവസത്തിനുശേഷം രാധാകൃഷ്ണനുനേരെയും വധശ്രമമുണ്ടായി. മരിച്ചെന്നു കരുതിയാണ് അക്രമികൾ മടങ്ങിയത്. എന്നാൽ, ജീവൻ തിരികെപ്പിടിച്ചു. ഒന്നരവർഷം നീണ്ട ചികിത്സയ്ക്കുശേഷമാണ് പൂർവസ്ഥിതിയിലായത്. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വീട് ജപ്തിയായി. നാട്ടിൽ നിൽക്കാനാകാതെ വന്നതോടെ സംസ്ഥാനത്തിനു പുറത്ത് സെക്യൂരിറ്റി ജോലിക്കു പോയി. ചില ഇടപെടൽ കാരണം ഈ ജോലി പോയി. സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ മകന്റെ പഠനം മുടങ്ങി. ഇപ്പോൾ മകൻ ജോലിചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് ജീവിതച്ചെലവും ചികിത്സയും നടത്തുന്നത്.തലയോലപ്പറമ്പ് സ്വദേശിയായ രാധാകൃഷ്ണനും കുടുംബവും തൃപ്പൂണിത്തുറ എരൂരിലാണ് താമസം. വെള്ളിയാഴ്ച എരൂരിൽ റോഡ് മുറിച്ചു കടക്കവേ അതിവേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ചതിനെത്തുടർന്ന് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.


from mathrubhumi.latestnews.rssfeed https://ift.tt/3Ec0qeo
via IFTTT