Breaking

Monday, November 29, 2021

നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; ഔഡി കാർ കസ്റ്റഡിയിലെടുത്തു

കൊച്ചി: വൈറ്റില ബൈപ്പാസിലെ കാറപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ കാറിൽ പിന്തുടർന്ന സൈജു എം. തങ്കച്ചനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നു. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തവരെക്കുറിച്ച് സൈജു വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സൈജുവിന്റെ സുഹൃത്തുക്കളാണ് പലരും. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സൈജു കൊച്ചിയിലും സംസ്ഥാനത്തിന് പുറത്തുമായി വിവിധയിടങ്ങളിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുക്കാറുള്ളതായും കണ്ടെത്തി. ഈ പാർട്ടികൾ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗമുള്ളവയായിരുന്നോ, പങ്കെടുത്ത പ്രമുഖർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിൽ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. സൈജുവിന്റെ വാട്സാപ്പ് ചാറ്റിൽ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്. ചാറ്റ് ചെയ്തവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈജു മോഡലുകളെ പിന്തുടർന്നതിനെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. സൈജുവിന്റെ മൊബൈൽഫോണിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്. സൈജുവിന്റെ മൊബൈലിൽ നിന്ന് ലഭിച്ച ഫോട്ടോകളിലുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഫോണിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകളുണ്ട്. മോഡലുകളെ പിന്തുടർന്ന സൈജു, അവർക്ക് താമസസൗകര്യം അടക്കം വാഗ്ദാനം ചെയ്തിരുന്നു. സ്ത്രീകൾക്ക് ഇത്തരം വാഗ്ദാനം നൽകിയത് ദുരുദ്ദേശ്യത്തോടെയാണെന്നാണ് കരുതുന്നത്. നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാറ്റുമായി സൈജുവിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെയാണ് സൈജുവിനെ കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്. ഔഡി കാർ കസ്റ്റഡിയിൽ മോഡലുകളെ പിന്തുടർന്ന സൈജുവിന്റെ ഔഡി കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റീരിയർ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസ് പരിസരത്തുനിന്നാണ് കാർ കണ്ടെടുത്തത്. 20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ സ്വദേശിയിൽ നിന്ന് സൈജു വാങ്ങിയതാണ് കാർ. എന്നാൽ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3I1tE2g
via IFTTT