Breaking

Thursday, November 25, 2021

സുസ്ഥിര വികസനം: രാജ്യത്തെ മികച്ച പത്തു നഗരങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും

ന്യൂഡൽഹി: സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നടത്തിയ പഠനത്തിൽ കേരളത്തിന് നേട്ടം. വിവിധ മേഖലകളിൽ നിലവിലെ സ്ഥിതിയും ഭാവിയിലെ വികസന സാധ്യതകളും വിലയിരുത്തി നിതി ആയോഗ് തയ്യാറാക്കിയ സൂചികയിൽ ആദ്യത്തെ പത്തു നഗരങ്ങളിൽ നാലാമതായി തിരുവനന്തപുരവും അഞ്ചാമതായി കൊച്ചിയും ഇടംപിടിച്ചു. ഷിംല, കോയമ്പത്തൂർ, ചണ്ഡീഗഢ് എന്നിവയാണ് ആദ്യത്തെ മൂന്നു നഗരങ്ങൾ. പനജി, പുണെ, തിരുച്ചിറപ്പള്ളി, അഹമ്മദാബാദ്, നാഗ്പുർ എന്നിവയാണ് ആദ്യത്തെ പത്തിലുള്ള മറ്റു നഗരങ്ങൾ.സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സൂചികയിൽ കഴിഞ്ഞ രണ്ടുവർഷവും കേരളമാണ് മുന്നിൽ. 2019-ൽ കേരളത്തിന്റെ സ്കോർ 70-ഉം 2020-ൽ 75-ഉം ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഹിമാചലിന്റെ സ്കോർ യഥാക്രമം 69-ഉം 74-ഉം ആണ്.സുസ്ഥിര വികസനമെന്ന ലക്ഷ്യം 2030-ഓടെ കൈവരിക്കാൻ ഐക്യരാഷ്ട്രസഭ 2017-ൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. 17 ലക്ഷ്യങ്ങളാണ് കൈവരിക്കേണ്ടത്. ഇവയിൽ 15 എണ്ണവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ 56 നഗരങ്ങളിൽ പഠനം നടന്നത്. പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങി വിവിധ മേഖലകളിലെ പുരോഗതികൾ പഠനത്തിൽ വിലയിരുത്തി. സൂചികയിൽ 70 ശതമാനത്തിനും 75.5 ശതമാനത്തിനുമിടയിൽ സ്കോർ ലഭിച്ച നഗരങ്ങൾ നല്ല പുരോഗതി കൈവരിച്ചെന്നാണ് കണക്കാക്കുന്നത്. ഷിംലയ്ക്ക് ലഭിച്ച സ്കോർ 75.5 ആണ്. തിരുവനന്തപുരത്തിന് 72.4-ഉം കൊച്ചിക്ക് 72.3-ഉം.വികസനസൂചികയിൽ പിന്നിലുള്ള പത്തു നഗരങ്ങൾ ഫരീദാബാദ്, കൊൽക്കത്ത, ആഗ്ര, കൊഹിമ, ജോധ്പൂർ, പട്‌ന, ഗുവാഹാട്ടി, ഇറ്റാനഗർ, മീററ്റ്, ധൻബാദ് എന്നിവയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/30X7f5e
via IFTTT