Breaking

Sunday, November 28, 2021

ബി.ജെ.പി.യിൽ നേതാക്കൾക്ക് പ്രോഗ്രസ് കാർഡ്; പാർട്ടിപരിപാടികളിൽ പങ്കെടുക്കാത്തവർ പുറത്താകും

പത്തനംതിട്ട: ബി.ജെ.പി.യിൽ താഴേത്തട്ടുമുതൽ ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തുന്ന സംവിധാനം വരുന്നു. സംഘടനാസംവിധാനം ശക്തമാക്കാനാണിത്. ബൂത്ത്, പഞ്ചായത്തുതലം മുതൽ സംസ്ഥാനതലംവരെ പാർട്ടി നേതാക്കളുടെ പ്രവർത്തനം മേൽഘടകങ്ങൾ വിലയിരുത്തും. നേതാക്കൾ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നുണ്ടോയെന്നാണ് പ്രധാനമായും ശ്രദ്ധിക്കുക.തുടർച്ചയായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നവരെ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കും. മൂന്നുതവണ തുടർച്ചയായി പങ്കെടുക്കാത്തവരെയാണ് ഒഴിവാക്കുക. ചേരിപ്പോരും നേതാക്കളുടെ പടലപ്പിണക്കവും നിലനിൽക്കുന്ന സംസ്ഥാന ഘടകത്തിൽ നേതൃത്വത്തോട് ഇടഞ്ഞ് ചിലർ പാർട്ടിപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നുണ്ട്.അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് സംഘടനാ ദൗർബല്യങ്ങൾ നീക്കുകയാണ് ലക്ഷ്യം. സാമൂഹികമാധ്യമങ്ങളിൽ നേതാക്കളുടെ ഇടപെടൽ നിരീക്ഷിക്കും. വിവിധവിഷയങ്ങളിൽ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് തടയുകയാണ് ഉദ്ദേശം.സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന് ബി.ജെ.പി. സംസ്ഥാനത്ത് വിവിധതരത്തിലുള്ള അഴിച്ചുപണികൾ നടത്തുന്നുണ്ട്. നിയോജകമണ്ഡലം കമ്മിറ്റികൾ വിഭജിച്ച് രണ്ട് മണ്ഡലം കമ്മിറ്റികളാക്കുകയാണ്. അടുത്തഘട്ടമായി പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. പഞ്ചായത്ത്, ബൂത്ത്, മണ്ഡലം നേതൃതലങ്ങളിൽ സ്ത്രീപ്രാതിനിധ്യം കൂട്ടും. പിന്നോക്കസമുദായങ്ങളിൽനിന്നും ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും കൂടുതൽപേരെ ഭാരവാഹികളാക്കാനും നിർദേശമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3FWt7wm
via IFTTT