Breaking

Saturday, November 27, 2021

അശ്ലീല വീഡിയോ: പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു

ബെംഗളൂരു: മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തായ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കമ്മിഷണർ കമൽ പന്ത് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്േട്രറ്റ് കഴിഞ്ഞദിവസം നൽകിയ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. കമൽപന്തിനുപുറമേ ഡെപ്യൂട്ടി കമ്മിഷണർ (സെൻട്രൽ) എം.എൻ. അനുചേത്, കബൺപാർക്ക് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബി. മാരുതി എന്നിവരുടെപേരിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. രമേഷ് ജാർക്കിഹോളിക്കെതിരേ സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി കബൺ പാർക്ക് പോലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി മറ്റൊരു സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരേ ഓഫീസർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കുകയുംചെയ്ത കാര്യം ഓഫീസർമാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും അറിയിച്ചു. ഇക്കാര്യങ്ങളൊന്നും ആദർശ് ആർ. അയ്യർ നൽകിയ ഹർജിയിൽ അറിയിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാർ പറഞ്ഞു. തുടർന്ന് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലുള്ള നടപടികൾ തടയുകയായിരുന്നു. ദൃശ്യങ്ങളിലുള്ള യുവതിയെ രമേഷ് ജാർക്കിഹോളി ലൈംഗികമായി ചൂഷണംചെയ്തെന്ന് ആരോപിച്ചായിരുന്നു ദിനേഷ് കല്ലഹള്ളി പോലീസിൽ പരാതിനൽകിയത്. സർക്കാർജോലി വാഗ്ദാനംചെയ്തായിരുന്നു ഇതെന്നും ആരോപിച്ചിരുന്നു. പക്ഷേ, യുവതി പരാതിനൽകിയാലേ കേസെടുക്കാനാകൂ എന്നു പറഞ്ഞ് പോലീസ് കേസെടുത്തില്ല. അതിനുശേഷം യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് കാണിച്ച് രമേഷ് ജാർക്കിഹോളി നൽകിയ പരാതിയിലും കേസെടുത്തിരുന്നു. അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചിരുന്നു. അന്വേഷണറിപ്പോർട്ട് ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് ആദ്യ ആഴ്ചയാണ് പ്രാദേശിക ടി.വി.ചാനലുകൾവഴി അശ്ലീല ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തായത്.


from mathrubhumi.latestnews.rssfeed https://ift.tt/3HZXx2C
via IFTTT