Breaking

Friday, November 26, 2021

'പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി..'; ഈണത്തിനൊപ്പിച്ച് ബിച്ചു വിളക്കിച്ചേര്‍ത്ത പോര്‍വിളികള്‍

സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് മുന്നിൽ വീറോടെ പൊരുതുന്ന തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുക്കുട്ടനും. ഉരുളയ്ക്ക് ഉപ്പേരി കണക്കെ പോർവിളികൾ, അടിതടകൾ, അട്ടഹാസങ്ങൾ, ആംഗ്യവിക്ഷേപങ്ങൾ. കട്ട് പറയാൻ പോലും മറന്ന് ആ പകർന്നാട്ടം അന്തംവിട്ടു കണ്ടുനിൽക്കുന്നു സംവിധായകൻ സംഗീത് ശിവൻ. അന്തരീക്ഷത്തിൽ രണവീര്യം തുളുമ്പുന്ന ഒരു മത്സരപ്പാട്ടിന്റെ ഈരടികൾ: പടകാളി ചണ്ഡിച്ചങ്കരി. എ.ആർ.റഹ്മാൻ ഈണമിട്ട് ബിച്ചു തിരുമല എഴുതിയ ഈ പാട്ട് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പാട്ടുകളിലൊന്നാണ്. ഗാനം വളരെ പ്രശസ്തമാണെങ്കിലും പലരും ആ പാട്ടിലെ വരികൾ തെറ്റിച്ചുപാടുന്നതിനെ കുറിച്ചും പാട്ടിന്റെ പിറവിയെ കുറിച്ചും ഒരിക്കൽ ഒരു അഭിമുഖത്തിൽ ബിച്ചുതിരുമല മനസ്സുതുറക്കുകയുണ്ടായി. ചെന്നൈയിൽ റഹ്മാന്റെ സ്റ്റുഡിയോയിൽ വെച്ച് സംഗീത് ശിവൻ ഗാനസന്ദർഭം വിവരിച്ചു തന്നപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ഭദ്രകാളിയുടെ രൂപമാണ്. രൗദ്രരൂപത്തിലുള്ള ദേവിയെ സ്തുതിക്കുന്ന ഒരു ഗാനമായാൽ സന്ദർഭത്തിന് ഇണങ്ങുമെന്ന് തോന്നി. സംഗീതിനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. മഹാകവി നാലാങ്കലിന്റെ മഹാക്ഷേത്രങ്ങൾക്ക് മുന്നിൽ എന്ന പുസ്തകം ആ ഘട്ടത്തിലാണ് എനിക്ക് തുണയായത്. പടകാളി, പോർക്കലി, ചണ്ഡി, മാർഗിനി എന്നിങ്ങനെ ദേവിയുടെ പര്യായപദങ്ങൾ ഒന്നൊന്നായി മനസ്സിൽ ഒഴുകിയെത്തുന്നു. ഹാസ്യ ഗാനമായതിനാൽ ആഴമുള്ള ആശയങ്ങൾ ആരും പ്രതീക്ഷിക്കാനിടയില്ല. എങ്കിലും ഉപയോഗിക്കുന്ന പദങ്ങൾ അർഥശൂന്യമാകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. ആരാധനയുമായി ബന്ധപ്പെട്ട വാക്കുകളാണ് പാട്ടിൽ ഏറെയും പറമേളം, ചെണ്ട, ചേങ്കില, ധിം തുടി മദ്ദളം എന്നിങ്ങനെ. പുത്തൻ തലമുറ പോലും അകമഴിഞ്ഞ് ആസ്വദിക്കുന്നു ആ പാട്ട്. സ്റ്റേജിലും റിയാലിറ്റി ഷോകളിലുമൊക്കെ ഇന്നും പതിവായി പടകാളി പാടിക്കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് ബിച്ചുവിന്. ദു:ഖം ഒരു കാര്യത്തിൽ മാത്രം: പാട്ടിലെ പോർക്കലിയും മാർഗിനിയും ഓർമ്മയായി. പകരം പോക്കിരിയും മാക്കിരിയും വന്നു. ഇപ്പോൾ അധികം പേരും പാടിക്കേൾക്കാറുള്ളത് പടകാളി ചണ്ഡിച്ചങ്കരി പോക്കിരി മാക്കിരി എന്നാണ്. പടകാളി എന്ന് പറഞ്ഞാൽ ഭദ്രകാളി, ചണ്ഡി എന്ന് പറഞ്ഞാലും ഭദ്രകാളി തന്നെ. ഇനി ചങ്കരി അഥവാ ശങ്കരി എന്ന് പറഞ്ഞാൽ ശങ്കരന്റെ അതായത് പരമശിവന്റെ ഭാര്യ. പോർക്കലി എന്നാൽ പോരിൽ കലി തുള്ളുന്നവൾ എന്നാണ് അർത്ഥം. മാർഗനി എന്നാൽ മാർഗ്ഗഗനിർദ്ദേശം നൽകുന്നവൾ. ഇതെല്ലാം ദേവിയുടെ പര്യായപദങ്ങളാണ്. പക്ഷെ ഇത് എല്ലാവരും പാടിപ്പാടി പോക്കിരി മാക്കിരി എന്നൊക്കെയാക്കിക്കളഞ്ഞു. പാട്ടിൽ വരുന്ന തടിയാ, പൊടിയാ എന്നീ വിളികൾക്കുപിന്നിലും രസകരമായ കഥയുളളതായി ബിച്ചു തിരുമല പറഞ്ഞിട്ടുണ്ട്. ആകാശവാണിയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ എം.ജി രാധാകൃഷ്ണനും ഉദയഭാനുവും പരസ്പരം തമാശ പറഞ്ഞ് കളിയാക്കി വിളിച്ചിരുന്ന പേരുകളാണ് തടിയാ പൊടിയാ എന്നുളളത്. പാട്ടിലെ സാഹചര്യത്തിനനുസരിച്ച് ആ ഈണത്തിലേക്ക് ഈ രണ്ടു പദങ്ങളെ വിളക്കിച്ചേർക്കുകയായിരുന്നു. ഇന്നത്തെ ജനറേഷന് പോലും ആ പാട്ടുകൾ മനഃപാഠമാണ്. നമുക്ക് വളരെ ലളിതമായി തോന്നുന്ന വാക്കുകൾ അദ്ദേഹം വളരെ ഔചിത്യത്തോടെ ഉപയോഗിച്ചു എന്നുളളതാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3nQByDk
via IFTTT