Breaking

Monday, November 29, 2021

യോഗ ഏതെങ്കിലും സമുദായത്തിന്റേതല്ല, എല്ലാവരുടേതുമാണ് -രാഷ്ട്രപതി

ഹരിദ്വാർ: പ്രത്യേക സമുദായത്തിന്റെയോ മതവിഭാഗത്തിന്റെയോ സ്വന്തമല്ല യോഗയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. യോഗയുടെ പ്രയോജനം സാധാരണക്കാരെ പരിചയപ്പെടുത്തിയതിന് യോഗ ഗുരു രാംദേവിനെ അദ്ദേഹം പ്രശംസിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പതഞ്ജലി സർവകലാശാലയുടെ പ്രഥമ ബിരുദദാനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗ സന്ന്യാസിമാർക്കുള്ളതാണെന്ന കാലങ്ങളായുള്ള മിഥ്യാവിചാരം ഇല്ലാതാക്കി എന്നതാണ് രാംദേവിന്റെ വലിയ സംഭാവനയെന്ന് രാഷ്ട്രപതി പറഞ്ഞു. “യോഗ എല്ലാവരുടേതുമാണ്. എല്ലാവർക്കും വേണ്ടിയുള്ളതാണ്. അത് നമ്മുടെ മനസ്സിനെയും ശരീരത്തെയും ആരോഗ്യമുള്ളതാക്കിവെക്കുന്നു” -അദ്ദേഹം പറഞ്ഞു.മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ലോകമെങ്ങും ആളുകൾ യോഗ ചെയ്യുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിൽനിന്നയച്ച പരിശീലകനിൽനിന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനെൽ യോഗ പഠിച്ചു. ഇന്ത്യ മനുഷ്യകുലത്തിനു നൽകിയ വലിയ സമ്മാനമാണ് യോഗയെന്നാണ് കാനെൽ പറഞ്ഞതെന്ന് രാഷ്ട്രപതി പറഞ്ഞു. പരമ്പരാഗത അറിവിനെ ആധുനികഗവേഷണവുമായി സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയുടെ പേരിൽ പതഞ്ജലി സർവകലാശാലയെ അദ്ദേഹം പ്രശംസിച്ചു. രാംദേവാണ് സർവകലാശാലയുടെ ചാൻസലർ, ആചാര്യ ബാലകൃഷ്ണയാണ് വൈസ് ചാൻസലർ. സർവകലാശാലയുടെ പുതിയ കാമ്പസ് രാഷ്ട്രപതി ഉദ്ഘാടനംചെയ്തു. ഉത്തരാഖണ്ഡ് ഗവർണർ ജനറൽ ഗുർമിത് സിങ്, മുഖ്യമന്ത്രി പുഷ്കർ സിങ് ധമി, വിദ്യാഭ്യാസമന്ത്രി ധൻ സിങ് റാവത് തുടങ്ങിയവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3rmeoH9
via IFTTT