Breaking

Tuesday, November 30, 2021

അതിർത്തിയിൽ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കർണാടക

തലപ്പാടി : കോവിഡ് മൂന്നാംതരംഗ ഭീതിയുടെ പശ്ചാത്തലത്തിൽ ദേശീയപാത-66 തലപ്പാടിയിൽ കർണാടക കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിർത്തിയിൽ കോവിഡ് പരിശോധനാകേന്ദ്രങ്ങൾ തുറന്നു. ആർ.ടി.പി.സി.ആർ. റിപ്പോർട്ടില്ലാതെ വരുന്നവരെ ഇവിടെനിന്ന് പരിശോധിക്കും. ഫോൺനമ്പറും മറ്റ് വിവരണങ്ങളും ശേഖരിച്ച് ഇവരെ കടത്തിവിടും. സ്രവപരിശോധനയ്ക്ക് വിസമ്മതിക്കുന്നവരെ തിരിച്ചയയ്ക്കും. നിത്യേനയുള്ള യാത്രക്കാർ 16 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി റിപ്പോർട്ട് കൈയിൽ കരുതണം. തിങ്കളാഴ്ച 11 മണിയോടെയാണ് ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും ചേർന്ന് ആർ.ടി.പി.സി.ആർ. റിപ്പോർട്ട് പരിശോധന കർശനമാക്കിയത്. ഞായറാഴ്ച രാവിലെതന്നെ അതിർത്തിയിൽ പരിശോധന തുടങ്ങിയിരുന്നു. എന്നാൽ അവശ്യ യാത്രക്കാരെ കടത്തിവിട്ടിരുന്നു. തിങ്കളാഴ്ചയോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിലും പരിശോധനാ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് കേരളത്തിൽനിന്ന് ആളുകൾ വരുമെന്ന നിഗമന ത്തിൽ ഉഡുപ്പി, ബൈന്ദൂർ റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും എത്തുന്നവർക്ക് മാത്രമാണ് കർണാടക വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ചികിത്സാവശ്യങ്ങൾക്ക് വരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ (കളക്ടർ) ഡോ. കെ.വി. രാജേന്ദ്ര വ്യക്തമാക്കി. കാസർകോട്-മംഗളൂരു റൂട്ടിൽ ബസ് സർവീസ് നിർത്തിയിട്ടില്ല. കർണാടക ആർ.ടി.സി.യുടെ മംഗളൂരു ബസിൽ കയറുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം. ഇത് ഉറപ്പുവരുത്തിയശേഷമേ യാത്രക്കാരെ കയറ്റാവൂ എന്ന് ബസ് ജീവനക്കാർക്ക് കർണാടക ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കർണാടകയിലെ കോളേജുകളിലെ ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന മലയാളി വിദ്യാർഥികൾ 16 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിൽനിന്ന് അവധിക്ക് പോയി കോളേജിൽ തിരികെ എത്തുന്നവരും ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് കരുതണം. ഒരാഴ്ചയ്ക്കുശേഷം ഇവരെ വീണ്ടും പരിശോധിക്കും. വിദേശരാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും കർശന പരിശോധന തുടങ്ങി. 12 രാജ്യങ്ങളുടെ പട്ടിക സർക്കാർ നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്നെത്തിയവരെ പ്രത്യേകം നിരീക്ഷിക്കണം. ലണ്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്വേ, സംഗപ്പൂർ, ഹോങ് കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽനിന്ന് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ എത്തിയവരെയാണ് കണ്ടെത്തി നിരീക്ഷിക്കാൻ വിമാനത്താവളം അധികൃതർക്ക് നിർദേശം നൽകിയത്. വിദേശയാത്രക്കാരെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ വിമാനത്താവളത്തിന്റെ പുറത്തുകടത്തരുതെന്നും നിർദേശത്തിൽ പറയുന്നു. അതിർത്തിയിൽ കർണാടക സർക്കാർ കോവിഡ് പരിശോധന ശക്തമാക്കിയതോടെ വീണ്ടും ദുരിതത്തിലായത് കാസർകോട് ജില്ലക്കാർ. ഈ ജില്ലയിലെ നൂറുകണക്കിനാളുകളാണ് നിത്യവും കർണാടകയിൽ പോയി വരുന്നത്. ബിസിനസുകാർ, ഉദ്യോഗസ്ഥർ, മംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ, വിദ്യാർഥികൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. കോവിഡ് വ്യാപനം കുറഞ്ഞതോടെ എല്ലാം പഴയതുപോലെയായിത്തുടങ്ങിയതായിരുന്നു. ദിവസേനെയുള്ള പോക്കുവരവിനെ ബാധിച്ചാൽ ഇതെല്ലാം വീണ്ടും താളം തെറ്റും. പ്രതിദിനം എത്രയോ രോഗികൾ മംഗളൂരുവിലെ ആസ്പത്രിയിലേക്കു പോകുന്നുണ്ട്. ഇവരെയും ബാധിക്കും. മംഗളൂരുവിനെ മാത്രം ആശ്രയിച്ചുകഴിയുന്ന അതിർത്തിമേഖലകളിലുള്ളവർ അധികാരികളോടു സങ്കടവും പ്രതിഷേധവുമറിയിക്കുന്നു. 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയുള്ള, കോവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റുള്ളവരെയും കർണാടകയുടെ പരിശോധനാകേന്ദ്രത്തിൽ സാമ്പിൾ നൽകുന്നവരെയും മാത്രമേ അതിർത്തികടത്തിവിടുന്നുള്ളൂ. എന്നാൽ, ഈ പരിശോധനാ കന്ദ്രത്തിനു മുന്നിൽ നീണ്ടനിരയാണ്. സമയത്തിന് ഓഫീസിലും വിദ്യാലയങ്ങളിലുമെത്തേണ്ടവർക്ക് ഇവിടെ മണിക്കൂറുകളോളം നിന്ന് പരിശോധന നടത്തുകയെന്നത് അപ്രായോഗികമാണ്. ആർ.ടി.പി.സി.ആർ. പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിർത്തിയിലെ പരിശോധനാ കേന്ദ്രത്തിൽ സ്രവം നൽകാൻ തയ്യാറാകാത്തവരെയും തിങ്കളാഴ്ച തിരിച്ചയച്ചു. കോവിഡിന്റെ ഒന്നാംഘട്ടത്തിൽ കർണാടക അതിർത്തിയടച്ചപ്പോൾ ജില്ലയിലെ രോഗികൾ വഴിയിൽ മരിച്ചുവീണിരുന്നു. തുടർന്നുണ്ടായത് വ്യാപക പ്രതിഷേധമാണ്. കോവിഡ് വ്യാപനം കുറഞ്ഞതോടെ കർണാടകയിൽ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം പതിവുപോലെ പ്രവർത്തിക്കുകയാണ്. ജില്ലയിൽനിന്ന് നൂറുക്കണക്കിന് വിദ്യാർഥികളാണ് അവിടെ പഠിക്കുന്നത്. ഓരോ 72 മണിക്കൂറിലും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയെന്നത് പ്രായോഗികമല്ലെന്ന് ജനങ്ങൾ പറയുന്നു. അതിർത്തിയിലെ പ്രശ്നം വീണ്ടും രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടാണ് ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും കിട്ടുന്നതെന്ന്ബന്ധപ്പെട്ടവർ പറഞ്ഞു. Content Highlights:Karnataka tightens control on border again


from mathrubhumi.latestnews.rssfeed https://ift.tt/31g6Fze
via IFTTT