Breaking

Friday, November 26, 2021

സന്ദർശകർക്ക് സൗകര്യമൊരുക്കാതെ പൈതൽമല

നടുവിൽ : സന്ദർശകരുടെ എണ്ണം വർധിക്കുമ്പോഴും പൈതൽമലയിൽ ഇല്ലായ്മകൾ കൂടിവരുന്നു. നാലുപതിറ്റാണ്ടായി വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടിയ പൈതൽമലയിൽ പ്രാഥമികകാര്യങ്ങൾക്കുള്ള സൗകര്യംപോലുമില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദിവസം ശരാശരി നൂറിലധികം ആളുകൾ എത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ അത് ആയിരത്തിനടുത്തു വരും. വനാതിർത്തിയിൽനിന്ന് ഒരുമണിക്കൂർ ദൂരം നടന്നാലേ മലമുകളിൽ എത്താൻ പറ്റൂ. ദൂരസ്ഥലങ്ങളിൽനിന്നും മറ്റും എത്തുന്ന യാത്രക്കാരാണ് പുൽമേട്ടിലെത്തുമ്പോൾ വലയുന്നത്. ശൗചാലയമോ കുടിവെള്ള സൗകര്യമോ ഇവിടെ ഇല്ല. വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനും ഇതുമൂലം കഴിയാത്ത സ്ഥിതിയുണ്ട്. അവിചാരിതമായി മഴ പെയ്താൽ നനയുകയേ നിർവാഹമുള്ളു. 30 രൂപയാണ് മലയിലേക്കുള്ള പ്രവേശനത്തിന് സഞ്ചാരികളോട് വാങ്ങുന്നത്. ഈ തുക ഉപയോഗിച്ച് പ്രാഥമികസൗകര്യമെങ്കിലും ഒരുക്കണമെന്നാണ് ആവശ്യം. കാവൽക്കാരന് കൂട്ട് പഴയ കൂടാരം പൈതൽമലയിൽ സുരക്ഷാജോലിക്കെത്തുന്ന ജീവനക്കാരനും ഇല്ലായ്മകളാണ് കൂട്ട്. വാച്ച് ടവർ നിർമിക്കുമ്പോൾ പണിത ചെറിയ കൂടാരത്തിലാണ് ജീവനക്കാരൻ കഴിയേണ്ടത്. വൈദ്യുതിയോ കുടിവെള്ളമോ ഇല്ല. മഴ പെയ്താൽ വെള്ളം മുഴുവൻ അടിച്ചുകയറും. മഞ്ഞിലും വെയിലിലുമെല്ലാം സമാന സ്ഥിതിയാണ്. മലയിലെത്തുന്ന സന്ദർശകർക്ക് സുരക്ഷ നൽകേണ്ടതും ആവശ്യമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ടതും ഇയാളുടെ ജോലിയാണ്. പൈതൽമലയിലേക്ക് കോവിഡ് തുടങ്ങിയതിനുശേഷം ബസ് ഓടുന്നില്ല. കണ്ണൂരിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. ബസാണ് ഓടിയിരുന്നത്. വഞ്ചിയം കവലവരെ വന്നിരുന്ന ബസ് ഇല്ലാതായതോടെ നടന്ന് ജോലിക്കെത്തേണ്ട സ്ഥിതിയാണ്. കുടിയാന്മലയിൽനിന്ന് 12 കിലോമീറ്റർ ഒരു ഭാഗത്തേക്ക് മാത്രം നടന്നാണ് ഈ ജീവനക്കാരുൾപ്പെടെ മലയിൽ എത്തുന്നത്. രാവിലെ ആദ്യ സന്ദർശകന്റെ മുന്നിൽ മലയിലേക്ക് പോയാൽ അവസാന സന്ദർശകൻ ഇറങ്ങുംവരെ കാവൽനിൽക്കണം. സുരക്ഷയ്ക്ക് ഒരു സംവിധാനവുമില്ല. ആനക്കൂട്ടങ്ങളെയും കടുവയെയുമൊക്കെ അടുത്തകാലത്ത് പൈതൽമലമുകളിൽ കണ്ടിരുന്നു. പ്രവേശനകവാടത്തിൽ ജോലി ചെയ്യുന്നവർക്കും അസൗകര്യങ്ങൾ ഏറെയുണ്ട്. നെറ്റ്വർക്ക് ലഭ്യമല്ലാത്തതിനാൽ ഡ്യൂട്ടിക്കിടയിൽ പുറംലോകവുമായി ഇവർക്ക് ഒരു ബന്ധവുമില്ല. സ്ഥിരം ജീവനക്കാരായ രണ്ട് ബീറ്റ് ഓഫീസർമാരും രണ്ട് താത്കാലിക ജീവനക്കാരുമാണ് ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്യുന്നത്. വന്യമൃഗശല്യം ഉൾപ്പെടെ മറ്റ് എല്ലാ പ്രശ്നങ്ങൾക്കും ഓടിയെത്തേണ്ടതും ഇവർ തന്നെയാണ്. Content Highlights:Paithalmala without any facilities for visitors


from mathrubhumi.latestnews.rssfeed https://ift.tt/3nQQHVe
via IFTTT