Breaking

Friday, November 26, 2021

ദത്ത് കേസ്: ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാതെ സർക്കാർ

തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ ദത്തുനൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സി.യും ഗുരുതര തെറ്റുകൾ ചെയ്തെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാതെ സർക്കാർ. വനിതാ ശിശുവികസന ഡയറക്ടർ ടി.വി. അനുപമ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിക്കട്ടെയെന്നാണ് വനിതാ ശിശുവികസവകുപ്പിന്റെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. അതിനിടെ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കാൻ പാർട്ടിയും ശ്രമമാരംഭിച്ചു. ഷിജുഖാന്റെ വീഴ്ച കണ്ടെത്തിയിട്ടില്ലെന്നും ആരെങ്കിലും സമരം ചെയ്തെന്നു കരുതി ആർക്കെങ്കിലുമെതിരേ നടപടിയെടുക്കാൻ സാധിക്കില്ലെന്നും പറഞ്ഞ് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് രംഗത്തെത്തിയത്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. ദത്തുനടപടികൾ ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സി.യും നിയമപരമായിത്തന്നെയാണ് കൈകാര്യം ചെയ്തതെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ദത്തു സംബന്ധിച്ച കാര്യങ്ങൾ മാത്രമാണ് സമിതിയും സി.ഡബ്ല്യു.സിയും നോക്കേണ്ടതെന്നും അനുപമയുടെ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കേണ്ടത് പോലീസ് ആണെന്നും ചൂണ്ടിക്കാണിച്ച് ഷിജുഖാനെയും സുനന്ദയെയും രക്ഷിക്കാനും ശ്രമങ്ങൾ ആരംഭിച്ചു. അമ്മയ്ക്ക് കുട്ടിയെ തിരികെ കിട്ടിയതിനാൽ ദത്തുവിവാദം സംബന്ധിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെയും സർക്കാരിന്റെയും ആലോചന. എന്നിട്ടും കുറ്റം അനുപമയ്ക്കുതന്നെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ അമ്മ അനുപമയ്ക്കെതിരായ ഭാഗംമാത്രം പുറത്ത്. അനുപമയാണ് തെറ്റുചെയ്തതെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിക്കാനുള്ള ശ്രമം നടന്നത്, കുഞ്ഞിനെ എവിടെ ഏൽപ്പിക്കുന്നുവെന്ന് അനുപമയ്ക്കറിയാമെന്നും സത്യവാങ് മൂലം റദ്ദാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പറയുന്ന ഭാഗമാണ് പുറത്തുവന്നത്. വിവാദത്തിൽനിന്ന് രക്ഷപ്പെടാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് റിപ്പോർട്ടിന്റെ ഒരുഭാഗംമാത്രം പുറത്തുവിട്ടതെന്നാണ് ആക്ഷേപം. അതേസമയം, സർക്കാരിനെ കുരുക്കിലാക്കുന്ന കാര്യങ്ങൾ പുറത്തുവന്ന ഭാഗത്തിലുമുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമത്തിന് വിരുദ്ധമായി തയ്യാറാക്കിയ സത്യവാങ്മൂലം എങ്ങനെ നോട്ടറി സാക്ഷ്യപ്പെടുത്തിയെന്ന് പരിശോധിക്കണമെന്ന് വകുപ്പുതല അന്വേഷണം നടത്തിയ ശിശുവികസന വകുപ്പ് ഡയറക്ടർ ആവശ്യപ്പെടുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3nPUIcD
via IFTTT