Breaking

Friday, November 26, 2021

സുന്ദരീ...ആ വിളി കേൾക്കാൻ ഇനി നാരായണിയമ്മയില്ല

കണ്ണൂർ : പാലക്കാട് സ്വദേശിനി നാരായണിയമ്മ കഴിഞ്ഞ ഏഴുവർഷത്തിലേറെയായി എളയാവൂർ സി.എച്ച്. സെന്ററിനുകീഴിലുള്ള സാന്ത്വനകേന്ദ്രത്തിലെ അന്തേവാസിയായിരുന്നു. നാരായണിയമ്മയുടെ പഴയകാലം ദുരിതം നിറഞ്ഞതായിരുന്നു. ചെറിയ പ്രായത്തിൽത്തന്നെ കണ്ണൂരിലെത്തി ഒരുഡോക്ടറുടെ വീട്ടിൽ ജോലി ചെയ്തു. 45 വർഷം ആ വീട്ടിൽ ജോലിക്കാരിയായിരുന്നു. അസുഖങ്ങൾ വന്നപ്പോൾ അവർ ഒറ്റപ്പെട്ടു. ആരും സഹായിക്കാനില്ലാത്ത അവരെ എളയാവൂർ സി.എച്ച്. ഹോസ്പിറ്റലിൽ സേവനംചെയ്തുവന്ന ഡോക്ടർ ശാന്ത രാജേന്ദ്രൻ എളയാവൂർ സി.എച്ച്. സെന്ററിനു കീഴിലെ സാന്ത്വനകേന്ദ്രത്തിലെത്തിച്ചു. ഇവിടെയെത്തുമ്പോൾ നാരായണിയമ്മ അവശനിലയിലായിരുന്നു. ചികിത്സിച്ച് രോഗംമാറി. എവിടെയും പോകാനില്ലാത്തതിനാൽ അവിടെത്തന്നെ പരിചാരികയായി. പിന്നീട് അവിടത്തെ കാര്യസ്ഥയുടെ റോളായി അവർക്ക്. എല്ലാവർക്കും പ്രിയങ്കരിയായിരുന്നു നാരായണിയമ്മ. അവിടത്തെ മറ്റ് അന്തേവാസികളായ ഖദീജുമ്മാക്കും നഫീസുമ്മാക്കും സുലൈമാനും വാസുവേട്ടനും ഏറെ പ്രിയങ്കരിയായ സഹോദരി കൂടിയാണ്. വസ്ത്രധാരണത്തിലും ജീവിതശൈലിയിലും ഏറെ വെടിപ്പും വൃത്തിയും കാത്തുസൂക്ഷിക്കുന്ന നാരായണിയമ്മയെ സി.എച്ച്.സെന്ററിൽ എല്ലാവരും സ്നേഹത്തോടെ സുന്ദരീ എന്നാണ് വിളിച്ചിരുന്നത്. ആ വിളി കേൾക്കാൻ നാരായണിയമ്മയ്ക്ക് ഏറെ ഇഷ്ടവുമാണ്. വെള്ളിയാഴ്ച കാലത്ത് അവർ മരിച്ചു. ഇനി സുന്ദരീ എന്ന് വിളിക്കാനും ആ വിളി സന്തോഷത്തോടെ കേൾക്കാനും നാരായണിയമ്മ സി.എച്ച്.സെന്ററിലില്ല. ഇതുവരെയും നാരായണിയമ്മയെത്തേടി ഉറ്റവരായ ആരുംതന്നെ വന്നില്ല. 45 വർഷംജോലി ചെയ്ത വീട്ടുകാരും തിരിഞ്ഞുനോക്കിയില്ല. സി.എച്ച്.സെന്റർ അങ്കണത്തിൽ പൊതുദർശനത്തിനുവെച്ച ശേഷം 12 മണിയോടെ പയ്യാമ്പലത്തെ ശ്മശാനത്തിൽ നാരായണിയമ്മയുടെ വിശ്വാസാചാരപ്രകാരമുള്ള എല്ലാ കർമങ്ങളും സി.എച്ച്.സെന്റർ നടത്തി. സെന്ററിനുവേണ്ടി സാമൂഹികപ്രവർത്തകനായ അനൂപ് നിലാഞ്ചേരി ചിതയ്ക്ക് തീ കൊളുത്തി. അന്ത്യകർമങ്ങൾക്ക് സെന്റർ ജനറൽ സെക്രട്ടറി കെ.എം.ഷംസുദ്ദീന്റെ നേതൃത്തിൽ വൊളന്റിയർമാരായ അബ്ദുൾ ജബ്ബാർ, റിയാസ് ചെമ്പിലോട്, ഇ.കെ.റഫീഖ്, അസ്ലം വലിയന്നൂർ, മഖ്സൂദ് മക്കു തുടങ്ങിയവരും പയ്യാമ്പലത്തുണ്ടായിരുന്നു. Content Highlights:Narayaniamma has been living in Elayavur CH was a caretaker for the inmates


from mathrubhumi.latestnews.rssfeed https://ift.tt/3HRVQ7r
via IFTTT