Breaking

Tuesday, November 30, 2021

ചോറ്റാനിക്കരയിൽ പ്രസവത്തോടെ യുവതി മരിച്ചു; ആശുപത്രിയിൽ സംഘർഷം

ചോറ്റാനിക്കര:യുവതി പ്രസവാനന്തര രക്തസ്രാവംമൂലം മരിച്ചു. ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ. കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയിൽ ജിതേഷിന്റെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. ആദ്യപ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ പെൺകുഞ്ഞിനെ പ്രസവിച്ചു. സാധാരണ പ്രസവമായിരുന്നു. എന്നാൽ 7.45-ന്, അമിത രക്തസ്രാവമാണെന്നും ഉടൻ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും അധികൃതർ പറഞ്ഞു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഗോപികയെ രക്ഷിക്കാനായില്ല. പ്രസവശേഷം രക്തസ്രാവം ഉണ്ടായത് ടാറ്റാ ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതർക്കെതിരേ പ്രതിഷേധവുമായി സി.പി.ഐ.യുടെ നേതൃത്വത്തിൽ ബന്ധുക്കളും നാട്ടുകാരും രാത്രിയോടെ ആശുപത്രിഗേറ്റിന് മുന്നിൽ ഉപരോധം നടത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് രാത്രി ഏറെ വൈകിയും പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. എന്നാൽ, വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അരൂർ പത്മാലയത്തിൽ ജയന്റെയും ലതയുടെയും മകളാണ് ഗോപിക. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.


from mathrubhumi.latestnews.rssfeed https://ift.tt/3rmds5t
via IFTTT