Breaking

Tuesday, November 30, 2021

ഗൾഫിൽനിന്ന് വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രം; ക്വാറന്റീന്‍ 12 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്

തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ, ഹൈ റിസ്ക് രാജ്യങ്ങൾ അല്ലാത്ത, ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവർക്ക് വിമാനത്താവളത്തിൽ പരിശോധനയിൽ മുൻഗണനനൽകും. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധനയിൽനിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാൽ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന നിർദേശം പാലിച്ച് പുറത്തേക്കുപോകാം. പോസിറ്റീവ് ആണെങ്കിൽ സാംപിൾ തുടർപരിശോധനയ്ക്ക് അയക്കും. അവർ തുടർചികിത്സയ്ക്കും നിർദേശങ്ങൾക്കും വിധേയരാകണം. ഏഴുദിവസത്തെ ക്വാറന്റീൻ നിർദേശിച്ചിട്ടുള്ളത് 12 രാജ്യങ്ങളിൽനിന്ന് (ഹൈ റിസ്ക് രാജ്യങ്ങൾ) നാട്ടിലെത്തുന്നവർക്കാണ്. യു.കെ. അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്വേ, സിങ്കപ്പൂർ, ഹോങ് കോങ്, ഇസ്രയേൽ എന്നിവയാണവ. ഈ രാജ്യങ്ങളിൽനിന്നെത്തുന്ന എല്ലാവർക്കും വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധനയുണ്ടാകും. നെഗറ്റീവാണെങ്കിൽ ഏഴുദിവസം വീട്ടിൽ ക്വാറന്റീനു ശേഷം എട്ടാംദിവസം വീണ്ടും പരിശോധന നടത്തണം. എന്നിട്ടും നെഗറ്റീവ് ആണെങ്കിൽ ഒരാഴ്ചകൂടി സ്വയം നിരീക്ഷണം നടത്തണം. പോസിറ്റീവ് ആയവരുടെ സാംപിൾ ജനിതക േശ്രണീകരണത്തിന് അയക്കും. ഇക്കൂട്ടരെ പ്രത്യേകം പാർപ്പിച്ച് ചികിത്സിക്കും. ഒമിക്രോൺ ഇല്ലെന്നു കണ്ടെത്തിയാൽ ഡിസ്ചാർജ് ചെയ്യും. ഒമിക്രോൺ വകഭേദമെന്നു കണ്ടെത്തിയാൽ ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് തുടർച്ചികിത്സ നൽകും. വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ വിന്യസിച്ചു തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ തുടങ്ങി. കോവിഡ് വിദഗ്ധസമിതി സാഹചര്യം വിലയിരുത്തി. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുന്നുണ്ട്. നാല് വിമാനത്താവളങ്ങളിലും ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. തുറമുഖങ്ങളിലും പ്രത്യേക ജാഗ്രതാനിർദേശം നൽകി. രാജ്യത്ത് പുതിയ വകഭേദം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പരിശോധന വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. വിദേശത്തുനിന്ന് എത്തുന്നവരിൽ രോഗം സ്ഥിരീകരിച്ചാൽ അവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്സിനെടുക്കാത്ത അധ്യാപകർക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും അവർ പറഞ്ഞു. ലക്ഷദ്വീപ് യാത്രയ്ക്ക് നിയന്ത്രണം കൊച്ചി: ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് കരുതണം. ചെറുകപ്പലുകളിലെയും മത്സ്യശേഖരണത്തിനുള്ള ബോട്ടുകളിലെയും ജോലിക്കാർക്കും ഇതു ബാധകമാണ്. ദ്വീപിലെത്തിയാൽ മൂന്നുദിവസത്തെ ക്വാറന്റീൻ പാലിക്കണം. രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3lmqKv7
via IFTTT