Breaking

Sunday, November 28, 2021

ഗൾഫ് യാത്രാനിരക്ക് കുറയുന്നു; പ്രവാസികൾക്ക് ആശ്വാസം

കൊണ്ടോട്ടി: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ്നിരക്ക് കുറയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഒരു മാസത്തിനിടെ നിരക്ക് പാതിയോളം കുറഞ്ഞു. യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിലേക്ക് ഒരു മാസംമുൻപ് 22,000-23,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് ഇപ്പോൾ 13,000-14,000 രൂപയിലേക്ക് താഴ്ന്നു. ഖത്തറിലേക്ക് 11,000 രൂപ മുതൽ ടിക്കറ്റ് ലഭിക്കുന്നുണ്ട്. കരിപ്പൂരിൽനിന്ന് കൂടുതലാളുകൾ യാത്രചെയ്യുന്നത് യു.എ.ഇ. യിലേക്കാണ്. നേരിട്ട് വിമാനമില്ലാത്തതിനാൽ യു.എ.ഇ.യിലെത്തിയാണ് പ്രവാസികൾ സൗദിയിലേക്ക് പോയിരുന്നത്. മുൻപ് ചാർട്ടേഡ് ഫ്ളൈറ്റിന്റെ നിരക്കും ക്വാറന്റീൻ ചെലവുമെല്ലാമായി ഒരു ലക്ഷത്തിനുമേൽ ചെലവുവന്നിരുന്നു. ഇപ്പോൾ യു.എ.ഇ. വഴി സൗദിയിലേക്കുപോകാൻ 60,000- 65,000 രൂപയാണ് ചെലവ്. ഒരുമാസംമുൻപ് 75,000-80,000 രൂപ വരെ ഈടാക്കിയിരുന്നു. വിമാനടിക്കറ്റ് ലഭിക്കാത്തതിനാൽ കുവൈത്തിലേക്കുള്ള യാത്ര ദുഷ്കരമായിരുന്നു. 50,000- 55,000 രൂപ വരെ ടിക്കറ്റിന് ഈടാക്കിയിരുന്നു. ഇപ്പോൾ 22,000-24,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുന്നു. വിദേശ വിമാനസർവീസുകൾക്കുള്ള നിയന്ത്രണം രാജ്യത്ത് ഡിസംബർ 15-ഓടെ നീക്കിയാൽ നിരക്ക് ഇനിയുംകുറയും. എന്നാൽ, കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത് ഏതുരീതിയിൽ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്കുമടങ്ങിയ ആയിരക്കണക്കിന് പ്രവാസികൾ തിരികെ ഗൾഫിലേക്കു പോകുന്നുണ്ട്. പലരും കടംവാങ്ങിയും മറ്റുമാണ് യാത്രയ്ക്കുള്ള തുക കണ്ടെത്തുന്നത്. സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ് തുടങ്ങിയാൽ പ്രവാസികൾക്ക് ഏറെ നേട്ടമാകും.


from mathrubhumi.latestnews.rssfeed https://ift.tt/3xD272k
via IFTTT