Breaking

Tuesday, November 30, 2021

ആർ.ബി.ഐ.ക്കെതിരേ പ്രതിരോധം തീർക്കും -മന്ത്രി വാസവൻ

തിരുവനന്തപുരം: സഹകരണമേഖലയെ ബാധിക്കുന്ന റിസർവ് ബാങ്ക് നിലപാടിനെതിരേ രാഷ്ട്രീയഭേദമില്ലാതെ പ്രതിരോധം തീർക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. സഹകാരികളുടെയും സഹകരണസംഘം യൂണിയൻ പ്രതിനിധികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആർ.ബി.ഐ. ഇറക്കിയ, സഹകാരികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രചാരണം സംഘടിപ്പിക്കും. യോജിച്ച പ്രചാരണത്തിനും പ്രതിരോധത്തിനുമായി സഹകരണ സംരക്ഷണ സമിതിയെന്ന പേരിൽ പ്രത്യേക സമിതി രൂപവത്കരിച്ചതായി മന്ത്രി പറഞ്ഞു. സമിതി സംസ്ഥാന ചെയർമാനായി കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ളയെയും കൺവീനറായി പ്രാഥമിക കാർഷിക സഹകരണ സംഘം (പി.എ.സി.എസ്.-പാക്സ്) അസോസിയേഷൻ പ്രസിഡന്റ് വി. ജോയി എം.എൽ.എ.യെയും തിരഞ്ഞെടുത്തു. വിഷയത്തിൽ കേന്ദ്ര സർക്കാരിൽ സജീവമായ ഇടപെടലിനായി എം.പി.മാരുമായി ആശയവിനിമയം നടത്തും. അംഗത്വത്തിലെ തരംതിരിവ് വേണ്ടതില്ലെന്ന സുപ്രീംകോടതിവിധികൾ നിലനിൽക്കുന്നുണ്ട്. എ-ക്ലാസിൽനിന്നു മാത്രമേ നിക്ഷേപം വാങ്ങാവൂ എന്ന തരത്തിലുള്ള വിജ്ഞാപനം കോടതിവിധിയുടെ ലംഘനമാണ്. കേന്ദ്ര സർക്കാരിന്റെ ഡെപ്പൊസിറ്റ് ഇൻഷുറൻസ് ഗാരന്റി കോർപ്പറേഷനിൽനിന്ന് ഇതുവരെ കേരളത്തിലെ ഒരു സഹകരണ സംഘത്തിനും സഹായം ലഭിച്ചിട്ടില്ല. കേന്ദ്രനിയമം അനുസരിച്ചുതന്നെ സഹകരണ സംഘങ്ങൾ ഈ കോർപ്പറേഷന്റെ പരിധിയിൽ വരുന്നില്ല. എന്നിട്ടും നിക്ഷേപത്തിന് സുരക്ഷയില്ലെന്നാണ് ആർ.ബി.ഐ. പറയുന്നത്. ഇതിലൂടെ, ഇല്ലാത്ത കാര്യംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഡിസംബർ നാല്, അഞ്ച്, ആറ്് തീയതികളിൽ എല്ലാ ജില്ലയിലും കൺവെൻഷൻ ചേരും. ജില്ലാതല സമിതികൾ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ സർവീസ് സഹകരണ സംഘവും ബാങ്കും അടിസ്ഥാനമാക്കി പ്രാദേശിക കൺവെൻഷൻ ചേരും. ബാങ്ക് അല്ലാത്ത സഹകരണ സംഘങ്ങളിലും സഹകാരികളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3ljWCkb
via IFTTT