Breaking

Saturday, November 27, 2021

ഭീഷണിയായി ഒമിക്രോൺ വകഭേദം: അതിർത്തികളടച്ച് രാജ്യങ്ങൾ, ഡബ്ല്യു.എച്ച്.ഒ. അടിയന്തരയോഗം ചേർന്നു

ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ എന്ന വകഭേദം ഭീതിയുയർത്തിയതോടെ അതിർത്തികളടച്ച് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയനും യു.എസ്., ബ്രിട്ടൻ, സിങ്കപ്പൂർ, ജപ്പാൻ, നെതർലൻഡ്സ്, കാനഡ രാജ്യങ്ങളും വിലക്കേർപ്പെടുത്തി. വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയും പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളെയും മൊസാംബിക്കിനെയും സിങ്കപ്പൂർ, ഇറ്റലി, ഇസ്രയേൽ രാജ്യങ്ങൾ സഞ്ചാരവിലക്കിൻറെ ചുവന്നപട്ടികയിൽ ഉൾപ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളിൽ തങ്ങുന്നവർ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപ്പബ്ലിക്കും വിലക്കി. അതിനിടെ, അടിയന്തരസാഹചര്യം ചർച്ചചെയ്യാൻ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) യോഗം ചേർന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ചചെയ്തു. ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 24 ശതമാനത്തിനുമാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂ. ഇതു വകഭേദം വേഗത്തിൽ വ്യാപിക്കാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യൂറോപ്പിലെ ആദ്യരോഗി ബെൽജിയത്തിൽ ജറുസലേം: ദക്ഷിണാഫ്രിക്കൻ വകഭേദം യൂറോപ്പിലും. ഭൂഖണ്ഡത്തിലെ ആദ്യകേസ് ബെൽജിയത്തിൽ റിപ്പോർട്ടുചെയ്തു. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രോഗിക്കാണിത്. അടിയന്തരനടപടി സ്വീകരിക്കുമെന്നും മേഖലയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല ഫൺ ഡെർലെയ്നും പ്രതികരിച്ചു. പുതിയ കോവിഡ് വകഭേദം; പരക്കേ ആശങ്ക ഡെൽറ്റയെക്കാൾ വ്യാപനശേഷിഉണ്ടായേക്കാം ന്യൂഡൽഹി: കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിനിടെ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം ബി.1.1.529 ആഗോളതലത്തിൽ കടുത്ത ആശങ്ക ഉയർത്തി. വ്യാപനശേഷി കൂടുതലായതിനാൽ ഇത് ഡെൽറ്റയെക്കാൾ അപകടകാരിയായേക്കുമോയെന്നാണ് ശാസ്ത്രജ്ഞർ ഉറ്റുനോക്കുന്നത്. ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങൾ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഇതിൽ 30 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്സിനുകളുടെയെല്ലാം ലക്ഷ്യം സ്പൈക്ക് പ്രോട്ടീനാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാൻ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്പൈക്ക് പ്രോട്ടീനുകൾ. അതുകൊണ്ട് മുമ്പത്തെ വകഭേദത്തെക്കാൾ വ്യാപനശേഷിയുള്ളതാക്കാൻ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകർ. ഡെൽറ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ച കെ.417എൻ എന്ന ജനിതകവ്യതിയാനമാണ്. ഇപ്പോൾ പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തിൽപ്പെട്ടതാണോയെന്ന് വ്യക്തമല്ല. എയ്ഡ്സ് പോലെ പ്രതിരോധശേഷി കുറവുള്ള ഒരു രോഗിയിലുണ്ടായ കടുത്ത അണുബാധയിൽനിന്നായിരിക്കാം ഈ വകഭേദം രൂപപ്പെട്ടതെന്ന് ലണ്ടൻ ആസ്ഥാനമായ യു.സി.എൽ. ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാങ്കോയിസ് ബലൂക്സ് പറഞ്ഞു. ഈയാഴ്ച ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം റിപ്പോർട്ടുചെയ്തത്. തുടർന്ന്, ബോട്സ്വാന ഉൾപ്പെടെയുള്ള സമീപരാജ്യങ്ങളിലേക്കും വ്യാപിച്ചു. ഹോങ് കോങ്ങിലും രണ്ടുകേസുകൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഫൈസർ വാക്സിൻ സ്വീകരിച്ച ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവരിലാണ് ഇതുകണ്ടെത്തിയത്. ഹോട്ടലുകളിൽ വ്യത്യസ്തമുറികളിൽ താമസിച്ചിരുന്നവരാണ് ഇവർ. അതിനാൽത്തന്നെ രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാധ്യതയെന്നും സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയും പ്രത്യേക മുൻകരുതലെടുത്തു. വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽനിന്നെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. രാജ്യത്ത് ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. രാജ്യത്ത് 10,549 പുതിയ കോവിഡ് രോഗികൾ രാജ്യത്ത് വെള്ളിയാഴ്ച 10,549 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 488 പേർ മരിച്ചു. ഇതുവരെ 3,45,55,431 പേർക്കാണ് കോവിഡ് ബാധിച്ചത്. 4,67,468 പേർ മരിച്ചു. Content Highlights:COVID: new omicron variant travel restrictions


from mathrubhumi.latestnews.rssfeed https://ift.tt/3p3lUnE
via IFTTT