Breaking

Monday, November 29, 2021

മനുഷ്യത്വമാണ് ഞങ്ങളുടെ ബാങ്കിങ് രീതിയുടെ അടിസ്ഥാനം - ഗോപി കോട്ടമുറിക്കല്‍

കേരളബാങ്കിന് ഇന്ന് രണ്ടുവയസ്സ്. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നരീതിയിൽ കേരളബാങ്കിന് മാറാൻ കഴിഞ്ഞോ? എല്ലാ ആധുനിക ബാങ്കിങ് സേവനങ്ങളും പ്രാഥമിക ബാങ്കുകളിലൂടെ നിർവഹിക്കാൻ കേരളബാങ്ക് വഴിയൊരുക്കുമെന്ന പ്രഖ്യാപനം നടപ്പായോ? സഹകരണ ബാങ്കിങ് മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽനൽകിയ ജില്ലാബാങ്കുകളില്ലാതായതോടെ നിയമനം നിലച്ചോ? മൂന്നുവർഷംകൊണ്ട് മൂന്നുലക്ഷം കോടിയുടെ ബിസിനസ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൂർത്തിയാക്കാൻആകുമോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ് കേരളബാങ്കിനെക്കുറിച്ച് ഉയരുന്നത്. കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ മാതൃഭൂമി പ്രതിനിധി ബിജു പരവത്തുമായി സംസാരിക്കുന്നു ഒരു ബാങ്കിനെ സംബന്ധിച്ച് രണ്ടുവർഷമെന്നത് അതിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള കാലയളവല്ല. പക്ഷേ, ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള സഹകരണ ബാങ്കുകളുടെ കൂട്ടായ്മയാണത്. അതനുസരിച്ച് മാറാൻ കേരളബാങ്കിന് കഴിഞ്ഞോ? കേരളബാങ്ക് നിലവിൽവന്നിട്ട് രണ്ടുവർഷമായെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വന്നിട്ട് ഒരുവർഷമായിട്ടേയുള്ളൂ. ചിതറിനിന്ന സഹകരണ ബാങ്കിങ് സംവിധാനത്തെ ഒന്നിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു മുമ്പിലുണ്ടായിരുന്നത്. കോവിഡ്, പ്രളയം പ്രതിസന്ധികളുടെ കടമ്പകളേറെ തീർത്ത കാലം. മൂന്നുവർഷംകൊണ്ട് മൂന്നുലക്ഷം കോടിയുടെ ബിസിനസ് എന്ന് കേരളബാങ്കിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പ്രചോദനമായി മുന്നിലുണ്ടായിരുന്നു. 2021 സാമ്പത്തികവർഷം അവസാനിക്കുമ്പോൾ 1.25 ലക്ഷം കോടിയുടെ ബിസിനസായിരുന്നു ലക്ഷ്യമിട്ടത്. അത് നേടി. 61 കോടിയിലധികം ലാഭത്തിലായി. മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഈ അടിത്തറ ഞങ്ങൾക്കില്ലായിരുന്നു. കോവിഡ് വന്നിരുന്നില്ലെങ്കിൽ 400 കോടിയാകുമായിരുന്നു ബാങ്കിന്റെ ലാഭം. 5863 കോടിരൂപ കിട്ടാക്കടമുണ്ടായിരുന്ന ബാങ്കിന് അത് 11,000 കോടിയോളമായി. പിടിച്ചിറക്കി പണം ഈടാക്കുന്ന രീതി ഞങ്ങൾ സ്വീകരിച്ചില്ല. 10 സെന്റിൽ താഴെയുള്ളവരെ എങ്ങനെ ചട്ടിയും കലവും പുറത്തിട്ട് ജപ്തിചെയ്യും. മനുഷ്യത്വമാണ് ഞങ്ങളുടെ ബാങ്കിങ് രീതിയുടെ അടിസ്ഥാനം. വായ്പ കുടിശ്ശികയായവരും ഞങ്ങളുടെ കൂടെയുള്ളവരാണ്. എന്നിട്ടും ഈ നേട്ടമുണ്ടാക്കിയെങ്കിൽ, അതാണ് ഞങ്ങളുടെ ശക്തിയും ആത്മവിശ്വാസവും. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നത് ഒരുവിളിപ്പേരിൽ ഒതുങ്ങുകയാണ് ഇപ്പോഴും. ഇത്രകാലംകൊണ്ട് ആ ലക്ഷ്യം നേടാനാകും സർക്കാരിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നടത്താൻ പാകത്തിൽ സാങ്കേതിക ഭദ്രത കേരളബാങ്കിനുണ്ടാകേണ്ടതുണ്ട്. ആ ഘട്ടത്തിലേക്ക് ഞങ്ങളടുത്തുകഴിഞ്ഞു. എട്ടുമാസംകൊണ്ട് അത് പൂർത്തിയാകും. കേരള സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ വലിയ തുകയാണ് വരുന്നത്. അത് കേരളബാങ്ക് വഴിയാകാമെന്ന് തീരുമാനിക്കാം. എൻ.ആർ.ഐ. ഫണ്ട് വരണമെങ്കിൽ കാലോചിതമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. എട്ടുമാസംകൊണ്ട് എല്ലാം ശരിയാകും. കേരളബാങ്ക് എവിടെ തുടങ്ങി എവിടെ നിൽക്കുന്നെന്നാണ് നോക്കേണ്ടത്. സാധാരണക്കാരായ ഇടപാടുകാരാണ് ഇവിടെയുള്ളത്. അവർക്ക് കേരളബാങ്കിൽ വിശ്വാസമുണ്ട്. പക്ഷേ, അവരുടെ ബാങ്കിങ് ആവശ്യങ്ങളെല്ലാം വീട്ടിലിരുന്ന് ചെയ്യാനാകുന്ന സ്ഥിതിയുണ്ടാകണം. 2022-23 സാമ്പത്തിക വർഷത്തിൽ കേരളബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്കാണെന്ന് എല്ലാവരും പറയുന്ന സ്ഥിതിയുണ്ടാകും. കേരളബാങ്ക് രൂപവത്കരണത്തെക്കുറിച്ച് പഠിച്ച ശ്രീറാം കമ്മിറ്റിയുടെ റിപ്പോർട്ടിൽ, പ്രാഥമിക സഹകരണ ബാങ്കുകളുമായി മത്സരിച്ച് തകരുന്ന രീതിയല്ല സ്വീകരിക്കേണ്ടത് എന്നു പറയുന്നുണ്ട്. പക്ഷേ, ഇപ്പോൾ പലയിടത്തും കേരളബാങ്ക് അത്തരം മത്സരം നടത്തുന്നുണ്ടല്ലോ ആ പരാതിയിൽ അല്പം ശരിയുണ്ട്. ഓരോ ജില്ലയിലെയും പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുന്നയിച്ച പ്രശ്നങ്ങളിലൊന്ന് ഇതായിരുന്നു. എഴുന്നേറ്റുനടക്കാൻ തുടങ്ങുമ്പോഴുള്ള ചെറിയ വീഴ്ചകളാണിത്. പ്രാഥമിക സഹകരണ ബാങ്കുകളെ പ്രതികൂലമായി ബാധിക്കുന്ന വായ്പനയം കേരളബാങ്ക് മാറ്റും. പരസ്പരം മത്സരിക്കുന്ന രീതിയുണ്ടാകില്ല. പ്രാഥമിക ബാങ്കുകളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന നയം സ്വീകരിക്കും. അവയുടെ പ്രതിനിധികളാണ് ബാങ്ക് ഭരണസമിതിയിലുള്ളത്. അതനുസരിച്ച് ചില തിരുത്തലുകൾ ബാങ്ക് വരുത്തിയിട്ടുണ്ട്. സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള നിർദേശം വന്നപ്പോൾ, അത് പാടില്ലെന്നു നിർദേശിച്ചത് പ്രാഥമിക ബാങ്കുകളുടെ പ്രതിനിധികളായ ഭരണസമിതി അംഗങ്ങളാണ്. പ്രാഥമിക സഹകരണ ബാങ്കുകളുടെ അപ്പെക്സ് ബാങ്കായി മാത്രം ഒതുങ്ങേണ്ടതാണോ കേരളബാങ്ക്. മറ്റു സഹകരണ സംഘങ്ങൾക്കുവേണ്ടി എന്തുചെയ്യാനാകും ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. 21,000-ത്തോളം സഹകരണസംഘങ്ങളുണ്ട് കേരളത്തിൽ. ഇതിൽ 1625 എണ്ണം മാത്രമാണ് പ്രാഥമിക സഹകരണ ബാങ്കുകൾ. പട്ടികജാതി, മാർക്കറ്റിങ്, കൺസ്യൂമർ, കയർ അങ്ങനെ ഒട്ടേറെ. ഇവയ്ക്കെല്ലാം സാമ്പത്തികസഹായം നൽകുന്ന പൊതുസഹകരണ ധനകാര്യസ്ഥാപനമായി മൂന്നു പൂർണവർഷംകൊണ്ട് കേരളബാങ്ക് മാറും. പട്ടികജാതിസംഘങ്ങളിൽ ഭൂരിഭാഗവും നശിച്ചുതുടങ്ങി. സമ്പൂർണ പുനരുജ്ജീവനം വേണ്ടതുണ്ട്. അതിന് സംരംഭങ്ങളിലേക്ക് ഇവരെ കൊണ്ടുവരണം. സാമ്പത്തികസഹായം വേണ്ടതുണ്ട്. ഈടില്ലാത്ത വായ്പനയമാണ് കേരളബാങ്ക് ലക്ഷ്യമിടുന്നത്. ഇപ്പോൾ ഒരു പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചുലക്ഷം രൂപവരെ നൽകുന്നുണ്ട്. എല്ലാ സംഘങ്ങൾക്കും സംരംഭങ്ങളുടെ പ്രോജക്ട് അടിസ്ഥാനമാക്കി പണം നൽകും. പത്തുലക്ഷം രൂപവീതമുള്ള വായ്പ നൽകി യുവാക്കളിലൂടെ സ്റ്റാർട്ടപ്പ് വില്ലേജുകൾ കെട്ടിപ്പടുക്കുകയെന്നതും കേരളബാങ്കിന്റെ ലക്ഷ്യമാണ്. ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും കേരളബാങ്കിനുമുകളിലുണ്ട്. ഉദ്യോഗാർഥികളുടേത്, പ്രാഥമിക ബാങ്കുകളുടെ ഓഹരിക്ക് ലാഭവിഹിതം സംബന്ധിച്ച്... എങ്ങനെയാണ് ഇതിനെ കാണുന്നത്? പ്രശ്നങ്ങളൊന്നുമില്ലാത്ത വഴികളിലൂടെയല്ല ഞങ്ങൾ നടക്കുന്നത്. അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കുണ്ടെന്ന ബോധ്യവുമുണ്ട്. കേരളബാങ്കിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ടതാണ്. ഇതിനുള്ള റിക്രൂട്ട്മെന്റ് റൂൾ തയ്യാറാക്കിക്കഴിഞ്ഞു. ആറുമാസത്തിനുള്ളിൽ നിയമനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്. നിലവിൽ 1350-ഓളം ഒഴിവുണ്ട്. ഇതെല്ലാം നികത്തും. ഇതിനൊപ്പം, സ്ഥാനക്കയറ്റം പൂർത്തിയാക്കേണ്ടതുണ്ട്. രണ്ടുമാസത്തിനുള്ളിൽ അതു പൂർത്തിയാക്കും. കേരളബാങ്കിലെ 30,000 കോടിയിലേറെ രൂപ പ്രാഥമിക ബാങ്കുകളുടെ വിഹിതമാണ്. രണ്ടുവർഷമായി അവർക്ക് ലാഭവിഹിതം കൊടുക്കാനായില്ല. നിക്ഷേപത്തിന് പലിശ ഒരുശതമാനമെങ്കിലും കൂട്ടുക, ഡിവിഡന്റ് കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ വായ്പയുടെ തിരിച്ചടവിൽ തട്ടിക്കിഴിക്കുക, എന്നിങ്ങനെയുള്ള നിർദേശം അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. വാർഷിക ജനറൽബോഡിക്കുശേഷമുള്ള ഭരണസമിതി യോഗത്തിൽ ഇതിൽ തീരുമാനമെടുക്കും. എല്ലാ ചോദ്യങ്ങൾക്കും കേരളബാങ്കിന് ഉത്തരമുണ്ട്. ഇനിയുള്ള ദിനങ്ങൾ ആ ഉത്തരങ്ങൾ ഓരോന്നായി കേരളബാങ്കിന്റെ പ്രവർത്തനങ്ങളിലൂടെ അറിയാനാകും. ഇതു ഞങ്ങളുടെ ബാങ്കാണെന്ന് ജനങ്ങൾ ഒന്നിച്ചുപറയുന്ന ഒരുദിനമുണ്ടാകും. ഈ ഭരണസമിതിയുടെ കാലാവധിക്കുമുമ്പ് അതുറപ്പാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3E2gEqt
via IFTTT