Breaking

Saturday, November 27, 2021

മെഡിസെപ് പദ്ധതിയിൽ എല്ലാവിഭാഗം ചികിത്സകളും ഉൾപ്പെടുത്തണം -കേരള എൻ.ജി.ഒ. സെന്റർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ് പദ്ധതിയിൽ എല്ലാവിഭാഗം ചികിത്സകൾക്കും സഹായം ഉറപ്പാക്കണമെന്ന് കേരള എൻ.ജി.ഒ. സെന്റർ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കിടത്തിച്ചികിത്സയ്ക്ക് മാത്രം സഹായം ലഭ്യമാകുന്ന രീതിയിലാണ് ഇപ്പോൾ പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. തുടർ ചികിത്സ ആവശ്യമായി വരുന്ന ഒട്ടേറെ ജീവനക്കാരുണ്ട്. ഇതിന് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുന്നത്. അതിനാൽ, ഒ.പി. ചികിത്സയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ നേതൃയോഗം ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർ അവകാശ പോരാട്ടത്തിനൊപ്പം ജനസേവനവും മുഖ്യവിഷയമായി ഉൾകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മയായി എൻ.ജി.ഒ. സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഒട്ടേറെ പ്രശ്നങ്ങൾ ജീവനക്കാർക്കുണ്ട്. അതിനുവേണ്ടി നിലകൊള്ളണം. അതേസമയം, ജനങ്ങൾക്ക് സേവനം ഉറപ്പാക്കുക എന്ന ദൗത്യം മറന്നുപോവരുതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതവകുപ്പിലെ മിനിസ്റ്റീരിയിൽ സ്റ്റാഫിന്റെ സ്ഥാനക്കയറ്റ സാധ്യത ഇല്ലാതാക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.കെ. മൊയ്തു അധ്യക്ഷതവഹിച്ചു. എൽ.ജെ.ഡി. പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി മുഖ്യപ്രഭാഷണം നടത്തി. എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, ഷബീർ മാറ്റപ്പള്ളി, മലയിൻകീഴ് ചന്ദ്രൻ നായർ, യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. അരുൺ, ഭഗത് റൂഫസ്, എസ്. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. എൻ.ജി.ഒ. സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3FRlK9H
via IFTTT