നവംബർ 26 വൈകീട്ട് ഇന്ത്യൻ സമയം 6 മണിക്ക് ദുബായ് എക്സ്പോ 2020 ഉത്സവനാഗിരിയിലെ എക്സിബിഷൻ ഹാളിൽ അസാധാരണമായൊരു യുദ്ധത്തിന് തിരശീല ഉയരുകയാണ്. യുദ്ധത്തിന്റെ ഹ്രസ്വരൂപമായി അറിയപ്പെടുന്ന ചെസ്സിന്റെ ഏറ്റവും ഉയർന്ന സിംഹാസനം സ്വന്തമാക്കാനായി ചെസ്സ് ലോകത്തെ രണ്ട് കരുത്തന്മാർ - നിലവിലെ ലോകചാമ്പ്യൻ മാഗ്നസ് കാൾസണും (നോർവേ) ചാലഞ്ചർ യാൻ നെപ്പോമ്നിയാച്ചിയും (റഷ്യ) - ബൗദ്ധികപോരാട്ടങ്ങളുടെ ആദ്യ കരുനീക്കം നടത്തുവാനൊരുങ്ങുന്നു. രണ്ട് പ്രതിയോഗികളും വ്യത്യസ്ത ശൈലികളുടെ ഉടമകളും വ്യത്യസ്ത യുദ്ധതന്ത്രങ്ങൾ അവലംബിക്കുന്നവരുമാണ്. ടൈ ബ്രേക്കുകളുടെ രാജകുമാരൻ 2018-ൽ 12 ക്ലാസിക്കൽ ഗെയിമുകളും സമനിലയിൽ കലാശിച്ചശേഷം റാപ്പിഡ് ഗെയിമുകളുടെ ടൈ ബ്രേക്ക് മത്സരത്തിൽ കാൾസൺ, ഫാബിയോ കരുവാനയെ തകർത്തുകളഞ്ഞു. 2016-ലും ഇതുതന്നെയാണ് സംഭവിച്ചത്. എട്ടാമത്തെ ഗെയിമിൽ ജയം നേടി മുന്നിട്ടുനിന്ന സെർജി കര്യാക്കിനെ പത്താം ഗെയിമിൽ കീഴ്പെടുത്തിയശേഷം മത്സരം 6 - 6 എന്ന നിലയിൽ സമനിലയിലേക്കെത്തിക്കുകയും പിന്നീട് നടന്ന റാപ്പിഡ് ഗെയിമുകളുടെ ടൈ ബ്രേക്കിൽ ജയവും അതോടൊപ്പം കിരീടവും സ്വന്തമാക്കുകയുമാണ് കാൾസൺ ചെയ്തത്. 2013-ലും 2014-ലുമാണ് ടൈ ബ്രേക്കിലേക്ക് കടക്കാതെ ക്ലാസിക്കൽ ഗെയിമുകളിൽ തന്നെ ആനന്ദിനെ കീഴ്പ്പെടുത്തി കാൾസൺ കിരീടം ചൂടിയത്. ടൈ ബ്രേക്കറുകളെ ഒഴിവാക്കി മുഖ്യ ക്ലാസിക്കൽ ഗെയിമുകളിൽ വെച്ച് തന്നെ ഒരു തീരുമാനമുണ്ടാക്കാനായാണ് ഫിഡെ 12-ൽ നിന്നും ഗെയിമുകളുടെ എണ്ണം ഇത്തവണ 14-ലേക്ക് ഉയർത്തിയത്. കമ്പ്യൂട്ടറുകളുടെ സ്വാധീനം മത്സരപൂർവ്വ തയ്യാറെടുപ്പുകളിൽ കമ്പ്യൂട്ടറുകളുടെ സ്വാധീനം നിർണ്ണായകമാണെന്നും അതിനാലാണ് ക്ലാസിക്കൽ ഗെയിമുകളിൽ സമനിലകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് എന്നും ചിലർ വാദിക്കുന്നു. കളിക്കുമുമ്പുള്ള കളികൾ അടുത്ത കാലത്ത് 2019-നു ശേഷം കാൾസണും നെപ്പോമനിയാച്ചിയും 4 ക്ലാസിക്കൽ ഗെയിമുകളിൽ ഏറ്റുമുട്ടുകയുണ്ടായി. 1 ജയം 3 സമനില എന്ന നിലക്ക് കാൾസണ് അനുകൂലമാണ് സ്കോർ നില. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വളരെ വിരസമായൊരു പ്രതിരോധരീതിയെയാണ് നോർവേ ക്ലാസിക് ചെസ്സ് ടൂർണമെന്റിൽ നെപ്പോമിനിയാച്ചി കാൾസണെതിരെ അവലംബിച്ചത്. താൻ ശാന്തമായ വഴികളിലേക്ക് കളിയെ തിരിച്ചുവിടാൻ ഉദ്ദേശിക്കുന്നു എന്ന തെറ്റായ ധാരണ എതിരാളിയുടെ മനസ്സിൽ ആദ്യം സൃഷ്ടിക്കുകയും എന്നാൽ ലോകചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ തീക്ഷ്ണമായ ആക്രമണമുറകൾ അഴിച്ചുവിട്ട് എതിരാളിയുടെ പ്രതീക്ഷകളെ തകിടം മറിക്കുകയും ചെയ്യുന്ന സമർഥതന്ത്രമാണോ ഇതെന്നും സംശയിക്കാവുന്നതാണ്. ഇത്തരം സമർത്ഥമായ ബൗദ്ധികതന്ത്രങ്ങൾ ലോകചാമ്പ്യൻഷിപ്പ് പ്രതിയോഗികൾ സ്ഥിരം പയറ്റിവരാറുണ്ട്. 24-നു നടന്ന പത്രസമ്മേളനത്തിൽ നെപ്പോമ്നി യാച്ചിയെക്കുറിച്ച് കാൾസൺ പറഞ്ഞവാക്കുകളും ഇത്തരം സമർഥതന്ത്രത്തിന്റെ ഭാഗമാണോ എന്ന് സംശയിച്ചാൽ അതിനെ തെറ്റ് പറയാനാകില്ല. നെപ്പോയുടെ ശൈലിയുടെ സവിശേഷത എന്താണ് എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി കൗതുകരമായിരുന്നു - രാജാവിന്റെ സുരക്ഷിതത്വം സഹജവാസനയിലൂടെ മണത്തറിയുവാനുള്ള പാടവം. രാജാവിന്റെ സുരക്ഷിതത്വം ഒരു പ്രശ്നമാക്കാതെ ധീരമായി ആക്രമിക്കുന്ന കളിക്കാരൻ എന്നതാണ് നെപ്പോമ്നിയാച്ചിയെക്കുറിച്ചുള്ള പൊതുധാരണ. നെപ്പോവിന്റെ കളിയിൽ മറ്റാരും കണ്ടെത്താത്ത ഒരു വശം താൻ കണ്ടെത്തിയതുകൊണ്ടാണോ അതോ മനഃപൂർവ്വം നെപ്പോവിന്റെ കളിയിൽ ഇല്ലാത്ത ഒരു വശത്തെ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് നെപ്പോവിനെ തെറ്റായ സുരക്ഷിതബോധത്തിലേക്ക് നയിക്കുക എന്ന സമർത്ഥമായ ഉദ്ദേശം മനസ്സിൽ വെച്ചുകൊണ്ടാണോ കാൾസൺ അപ്രകാരം പറഞ്ഞത് എന്ന് തിരിച്ചറിയുക എളുപ്പമല്ല. ഗറില്ലാ യുദ്ധമുറ 11 വർഷത്തോളം ലോകറാങ്കിങ്ങിന്റെ കൊടുമുടിയിൽ നിലകൊള്ളുകയും 4 ക്ലാസിക്കൽ ലോക കിരീടങ്ങൾ അടക്കം മൊത്തം 12 ലോകചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കുകയും ചെയ്ത കാൾസൺ എന്ന ചെസ്സ് കൊളോസസിനെ അട്ടിമറിക്കുക ലോക അഞ്ചാം റാങ്കുകാരനായ നെപ്പോവിന് വളരെ ദുഷ്കരമായിരിക്കും എന്നത് തീർച്ചയാണ്. അയാഥാസ്ഥിതിക തന്ത്രങ്ങൾ പയറ്റുക എന്നതാണ് നെപ്പോവിന് അവലംബിക്കാവുന്ന തന്ത്രം എന്ന് പല ചെസ്സ് പണ്ഡിതരും അഭിപ്രായപ്പെടുന്നു. പരമ്പരാഗതരീതിയിൽ കാൾസണെ നേരിട്ട ആനന്ദ് രണ്ടുതവണയും ദാരുണമായ പരാജയം ഏറ്റുവാങ്ങി. നീണ്ട എൻഡ്ഗെയിമുകളിൽ എതിരാളികളെ സാവകാശം ശ്വാസംമുട്ടിച്ച് കൊല്ലുന്നതിൽ വിദഗ്ധനായ ആരാച്ചാരാണ് കാൾസൺ. ഏതാണ്ട് ദൗർബല്യങ്ങൾ ഇല്ലാത്ത ഒരു സാർവലൗകിക ചെസ്സ് ശൈലിയുടെ ഉടമയായ ലോകചാമ്പ്യനെതിരെ ഗറില്ലാ യുദ്ധമുറകൾ അവലംബിക്കുക എന്നതായിരിക്കാം ചാലഞ്ചറുടെ ഗൂഢപദ്ധതി. സങ്കീർണ്ണതകൾ മനോഹരമാക്കുന്ന പോരാട്ടത്തിന്റെ ദിനങ്ങൾ ദുബായിലെ ലോകചാമ്പ്യൻഷിപ്പിനെ ആസ്വാദ്യകരമാക്കിത്തീർക്കും എന്ന കാര്യത്തിൽ സംശയത്തിനിടമില്ല. Content Highlights: world chess championship magnus carlsen to battles challenger ian nepomniachtchi
from mathrubhumi.latestnews.rssfeed https://ift.tt/3CRb5tQ
via IFTTT
Friday, November 26, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ യുദ്ധതന്ത്രങ്ങള്‍
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ യുദ്ധതന്ത്രങ്ങള്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed