Breaking

Tuesday, November 30, 2021

മോൻസൺ കേസ്: ഇ.ഡി.യെയും പരോക്ഷമായി ഹൈക്കോടതിയെയും വിമർശിച്ച് സർക്കാർ

കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ സി.ബി.ഐ.യെ കൊണ്ടുവരാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അമിതാവേശമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഹർജിയിൽ ഉന്നയിക്കാത്ത വിഷയങ്ങൾ ഹൈക്കോടതി ചർച്ചയ്ക്കു വിധേയമാക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിമർശനവും സർക്കാർ ഉന്നയിച്ചു.മോൻസനുവേണ്ടി പോലീസുകാർ ഉപദ്രവിക്കുന്നതിൽനിന്ന് സംരക്ഷണം തേടി മോൻസന്റെ മുൻ ഡ്രൈവർ ഇ.വി. അജിത് നൽകിയ ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി.യെയും പരോക്ഷമായി ഹൈക്കോടതിയെയും സർക്കാർ വിമർശിക്കുന്നത്.സി.ബി.ഐ. വേണ്ടാഫലപ്രദമായ അന്വേഷണം നടക്കുമെന്നതിനാൽ സി.ബി.ഐ. ആവശ്യമില്ലെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുള്ളതിനാൽ അന്വേഷണം ഫലപ്രദമാകുമോ എന്ന് കോടതി നേരത്തേ ആരാഞ്ഞിരുന്നു. പൊതുമണ്ഡലത്തിലുള്ള വിഷയം എന്നനിലയിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ഹർജിയിൽ ഉന്നയിക്കാത്ത ഇത്തരം കാര്യങ്ങളിൽ വിശദീകരണം നൽകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.ആരോപണത്തെ സംബന്ധിച്ച ഓരോ വസ്തുതകളും അന്വേഷിക്കും. പുരാവസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട നിയമപ്രകാരം പോലീസിന് നടപടി സ്വീകരിക്കാനാകില്ല. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യത്തിനപ്പുറത്തേക്ക് കടന്നുള്ള ചർച്ച അന്വേഷണത്തെ ബാധിക്കും. അതിന്റെ ഗുണം പ്രതികൾക്കായിരിക്കും- ഹർജിയിൽ പറയുന്നു.ഇ.ഡി. നിലപാട് പ്രത്യേക പ്രേരണയോടെഇ.ഡി.യെ കക്ഷിചേർത്തതിനു പിന്നാലെ കേന്ദ്രസർക്കാർ അഭിഭാഷകൻ ഹാജരായതും കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടതും ലാഘവത്തോടെ കാണാനാകില്ല. ഇ.ഡി. അടുത്തിടെ സർക്കാരിനെതിരേ സ്വീകരിച്ച നടപടികൾ പലതും ഫെഡറൽ സംവിധാനത്തെ മറികടക്കുന്നതായിരുന്നു. സി.ബി.ഐ. ആവശ്യമായി വരുമെന്ന ഇ.ഡി.യുടെ നിലപാട് പ്രത്യേക പ്രേരണയോടെയാണെന്നേ കാണാനാകൂ.അന്വേഷണത്തെക്കുറിച്ച് ആരും പരാതി ഉന്നയിച്ചിട്ടില്ല. അതിനാൽ പുറത്തുള്ള ഏജൻസി വേണമെന്ന നിലപാട് ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെയും ഫെഡറൽ നയത്തിന്റെയും ലംഘനമാണ്. ഹർജിക്കാരന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് നൽകിയേ വിളിപ്പിക്കൂ. അതിനാൽ ഹർജിയിൽ കൂടുതൽ ഉത്തരവ് ആവശ്യമില്ല. പോലീസിന്റെ വിശദീകരണം രേഖപ്പെടുത്തി തുടർ നടപടി അവസാനിപ്പിക്കണം. ഇക്കാര്യം ഉന്നയിച്ച് ഉപഹർജി ഫയൽ ചെയ്യാൻ അനുവദിക്കണമെന്ന് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. ഉപഹർജി നൽകുന്ന കാര്യം ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ തിങ്കളാഴ്ച രാവിലെ കോടതിയെ അറിയിച്ചു. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഡിസംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/31a48Xt
via IFTTT