Breaking

Monday, November 29, 2021

പായലിൽനിന്ന് ഡീസൽ: താത്പര്യമെടുത്ത് സംസ്ഥാനസർക്കാർ

ന്യൂഡൽഹി: പായലിൽനിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാൻ താത്പര്യമെടുത്ത് സംസ്ഥാനസർക്കാർ. ശാസ്ത്രീയമായും സാമ്പത്തികമായും പ്രായോഗികമാകുമെങ്കിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ പായലിൽനിന്ന് ജൈവ ഡീസലുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് കഴിഞ്ഞദിവസം ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തിരുന്നു. ഏറെ ജലാശയങ്ങളും അനുകൂലകാലാവസ്ഥയുമുള്ള കേരളത്തിലും ഇത് ലാഭകരമാകുമെന്ന് റാഞ്ചിയിൽ പദ്ധതി വിജയകരമായി നടപ്പാക്കിയ എൻജിനിയർ വിശാൽ പ്രസാദ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ കേരളസർക്കാർ തന്നെ ബന്ധപ്പെട്ടുവെന്നും വിഷയമവതരിപ്പിക്കാൻ ക്ഷണിച്ചതായും വിശാൽ പറഞ്ഞു.പായലിൽനിന്ന് ഇന്ധനമുണ്ടാക്കുന്നത് ശാസ്ത്രീയമായി പ്രായോഗികമാണെന്നു കരുതുന്നതായി മന്ത്രി ബാലഗോപാൽ പറഞ്ഞു. എന്നാൽ, സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാകുമെന്ന് പരിശോധിക്കണം. ജൈവ ഇന്ധനങ്ങൾ ഇപ്പോൾ പലയിടത്തുമുണ്ടെങ്കിലും ചെലവുകൂടുതലാണെന്നതാണ് പ്രശ്നം. അതേസമയം, പായലിൽനിന്ന് ഇന്ധനമുണ്ടാക്കുന്ന ആശയത്തെ താത്‌പര്യത്തോടെയാണ് സമീപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.പ്രതീക്ഷയോടെയും കരുതലോടെയും നോക്കിക്കാണേണ്ട പദ്ധതിയാണിതെന്ന് നെതർലൻഡ്‌സിലെ ഗ്രോനിംഗെൻ യൂണിവേഴ്‌സിറ്റിയിലെ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗം പ്രൊഫസറും മലയാളിയുമായ ഡോ. പി.വി. അരവിന്ദ് ചൂണ്ടിക്കാട്ടി. പായലിൽനിന്നുള്ള ജൈവ ഇന്ധനോത്പാദനം പലരാജ്യങ്ങളിലും ആരംഭിച്ചിട്ടുണ്ട്. മൈക്രോ ആൽഗെയിൽനിന്ന് (ഒരുതരം പായൽ) ബയോ സി.എൻ.ജി.യുണ്ടാക്കുന്ന സ്പെയിനിലെ പദ്ധതി വിജയകരമാണെന്ന് അറിയുന്നതായും ഡോ. അരവിന്ദ് പറഞ്ഞു.കഴിഞ്ഞ ഡിസംബറിലാണ് റാഞ്ചിയിൽ ബയോ ഡീസൽ പമ്പ് പ്രവർത്തനം തുടങ്ങിയത്. സാധാരണ ഡീസലിനെക്കാൾ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇതു വിൽക്കുന്നത്. പരിസ്ഥിതിസൗഹാർദമാണെന്നതും ബയോ ഡീസലുണ്ടാക്കുമ്പോഴുള്ള ഉപോത്പന്നങ്ങൾ വളമായി ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. അന്തരീക്ഷത്തിലെ ഈർപ്പനില, താപനില, സൂര്യപ്രകാശ ലഭ്യത, ജലാശയങ്ങൾ എന്നിവയെല്ലാം പായൽ വളരുന്നതിന് കേരളത്തിൽ അനുകൂല ഘടകങ്ങളാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3reMXPp
via IFTTT