Breaking

Friday, November 26, 2021

മകളുടെ വിവാഹത്തലേന്ന് മക്കളെയും ഭാര്യയെയും വെട്ടിയ സംഭവം; അച്ഛന്‍ റിമാന്‍ഡില്‍

നെയ്യാറ്റിൻകര: മകളുടെ വിവാഹത്തലേന്ന് മക്കളെയും ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച ഗൃഹനാഥനെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലായിരുന്ന ആറാലുംമൂട്, പൂജാ നഗർ മണ്ണറത്തല വീട്ടിൽ പ്രദീപ് ചന്ദ്രൻ(57) ആണ് റിമാൻഡിലായത്. തന്റെ ഇഷ്ടപ്രകാരമല്ലാതെ മകളുടെ വിവാഹം നടക്കുന്നതിനെ എതിർത്ത പ്രദീപ്ചന്ദ്രൻ, ഭാര്യ ശ്രീലത(47), മകൾ ലിജ(25), മകൻ ബെൻ(20) എന്നിവരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സംഭവത്തെത്തുടർന്ന് പോലീസ് അച്ഛൻ പ്രദീപ്ചന്ദ്രനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ മകൾ ലിജ ബുധനാഴ്ച രാവിലെ നിശ്ചയിച്ച പ്രകാരം തൃശ്ശൂർ സ്വദേശിയെ വിവാഹം കഴിക്കുകയും ചെയ്തു. ഗൾഫിലായിരുന്ന പ്രദീപ് ചന്ദ്രൻ കുറേ വർഷമായി നാട്ടിലാണ്. ബെംഗളൂരുവിൽ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മകൾ ലിജ, ഒപ്പം ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശിയുമായി പ്രണയത്തിലായി. ഇരുവരുടെയും വിവാഹം അച്ഛനായ പ്രദീപ് ചന്ദ്രന്റെ ഇഷ്ടമില്ലാതെ നിശ്ചയിച്ചു. ഇതിനെ തുടർന്നാണ് ഭാര്യയെയും മക്കളെയും ഇയാൾ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3rb7bd2
via IFTTT