Breaking

Tuesday, November 30, 2021

എല്ലാ ദിവസവും പാർലമെന്റ് സ്തംഭിപ്പിക്കരുത് -കേരളത്തിലെ കോൺഗ്രസ് എം.പി.മാർ

ന്യൂഡൽഹി: അനിവാര്യമായ വിഷയങ്ങളിൽ മാത്രം പാർലമെന്റ് സ്തംഭിപ്പിച്ചാൽ മതിയെന്നും നിരന്തരമുളള സ്തംഭനം മണ്ഡലങ്ങളിലെ പല വിഷയങ്ങളും ഉന്നയിക്കുന്നതിന് തടസ്സമാവുന്നുവെന്നും കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പി.മാർ. അധ്യക്ഷ സോണിയാ ഗാന്ധിയുടെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആലോചിക്കാൻ തിങ്കളാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് എം.പി.മാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ശശി തരൂർ തുടങ്ങിയവർ ഇക്കാര്യം ഉന്നയിച്ചത്. പെഗാസസ്, കാർഷികപ്രശ്നം, സ്വകാര്യവത്കരണം തുടങ്ങിയ വിഷയങ്ങളിലെ ബഹളം കാരണം വർഷകാല സമ്മേളനം ഏതാണ്ട് പൂർണമായി സ്തംഭിച്ചിരുന്നു. ഈ സമ്മേളനവും അതുപോലെയായാൽ മണ്ഡലത്തിലെ ഒട്ടേറെ വികസനകാര്യങ്ങൾ അറിയിക്കുന്നതിന് തടസ്സമാവുമെന്ന് എം.പി.മാർ ചൂണ്ടിക്കാട്ടി.സമ്മേളനത്തിൽ കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചചെയ്യുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച സോണിയ വിളിച്ച യോഗത്തിൽ അനിവാര്യ വിഷയങ്ങളിൽ മാത്രം നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിച്ചാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. വിവിധ ജനകീയപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നിർബന്ധിക്കുകയും ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്നായിരുന്നു തീരുമാനം. ചോദ്യോത്തര വേളയും ശൂന്യവേളയും പരമാവധി ഉപയോഗിക്കാനും കോൺഗ്രസ് തീരുമാനിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3E6hTFn
via IFTTT