Breaking

Sunday, November 28, 2021

വിവാഹരജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല -മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വിവാഹം രജിസ്റ്റർചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയാകും. 2008-ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമെന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ, 2015-ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്നാണ് പരാതികൾ ഉയർന്നത്. വിവാഹ രജിസ്ട്രേഷനു വേണ്ടി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പലയിടങ്ങളിലും ജനനത്തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റുപോലുള്ള രേഖകളിൽനിന്നാണ് രജിസ്ട്രാർമാർ മതം നിർണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അധികവിവരങ്ങൾ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങൾക്ക് അറുതിവരുത്താനാണ് സർക്കുലർ ഇറക്കിയതെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3FPSQH1
via IFTTT